വർക്കല : ട്യൂഷൻ കഴിഞ്ഞ് റോഡിലൂടെ നടന്നുപോയ വിദ്യാർത്ഥിനികളെ ആക്രമിച്ച കേസിൽ പ്രതിയെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കാപ്പിൽ ,കണ്ണമൂട് , എൻഎൻ കോട്ടേജിൽ ലിജു ഖാനാ(30)ണ് അറസ്റ്റിലായത്.
അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ
ഇക്കഴിഞ്ഞ മെയ് 5 ന് ആണ് സംഭവം . ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് പോയ രണ്ട് വിദ്യാർത്ഥിനികളെ സ്കൂട്ടിയിലെത്തിയ ഇയാൾ അക്രമിക്കുകയായിരുന്നു. വിദ്യാർത്ഥിനികൾ കരഞ്ഞുകൊണ്ട് വീട്ടിലെത്തി രക്ഷകർത്താക്കളോട് വിവരം പറയുകയും തുടർന്ന് നൽകിയ പരാതിയിന്മേൽ സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പോലിസ് പ്രതിയിലേക്ക് എത്തിച്ചേരുന്നത്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനായി സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതിയുടെ ചിത്രം പോലിസ് പ്രചരിപ്പിച്ചിരുന്നു. തുടർന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ എറണാകുളത്ത് വച്ച് പിടികൂടുകയായിരുന്നു. ഇരുചക്ര വാഹനങ്ങളിൽ കറങ്ങിനടന്ന് പെൺകുട്ടികളെ ശല്യം ചെയ്യുന്നതാണ് പ്രതിയുടെ രീതിയെന്ന് അയിരൂർ പോലീസ് പറയുന്നു. കിളികൊല്ലുർ പോലീസ് സ്റ്റേഷനിലും പ്രതിയ്ക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. കൂടാതെ പ്രദേശത്തെ നിരവധി കുട്ടികൾക്ക് ഇയാളിൽ നിന്ന് മോശം അനുഭവം ഉണ്ടായതായും പറയുന്നുണ്ട്. ഒന്നരവർഷം മുന്നേ ഇയാൾ മറ്റൊരു കുട്ടിയെ അക്രമിക്കുവാൻ ശ്രമിക്കുകയും കുട്ടി സ്കൂട്ടി ചവിട്ടി മറിച്ചിട്ട് ശേഷം അടുത്ത വീട്ടിൽ ഓടിക്കയറി രക്ഷപെടുകയുമെന്നുണ്ടായതെന്ന് രക്ഷകർത്താക്കൾ പറയുന്നു.
വർക്കല ഡിവൈഎസ്പി പി. നിയാസിൻ്റെ നിർദ്ദേശാനുസരണം അയിരൂർ എസ്എച്ച്ഒ ശ്രീജേഷ്, പോലീസ് സബ് ഇൻസ്പെക്ടർ സജിത്ത്.എസ് , എഎസ്ഐ സുനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവ്, ജയ് മുരുകൻ, സിവിൽ പോലീസ് ഓഫീസർ ശംഭു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.