ആറ്റിങ്ങൽ: ദിവസവും ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്ന ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് ദുരിതാവസ്ഥയിൽ തുടരുന്നു. വിവിധ പ്രദേശങ്ങളിലേക്ക് മിനിറ്റിൽ നിരവധി ബസ്സുകൾ എത്തുന്ന സ്റ്റാൻഡിലെ ടാറിങ് പൂർണമായും തകർന്ന നിലയിലാണ്. ഇതോടെ സ്റ്റാൻഡിൽ കുഴികൾ രൂപപ്പെട്ടു. മാത്രമല്ല പാറക്കഷ്ണങ്ങളും മെറ്റലും ഇളകി തെറിക്കാനും തുടങ്ങി. നാളുകൾ കുറച്ചായി ഈ അവസ്ഥ തുടർന്നിട്ട്.
ദേശീയപാതയിൽ നിന്ന് ബസ് സ്റ്റാൻഡിനുള്ളിലേക്ക് ബസുകൾ കയറുന്ന ഭാഗത്ത് വലതുവശത്തായുള്ള ഓടയുടെ മൂടി തകർന്ന നിലയിലാണ്. ഇത് കാൽനടയാത്രക്കർക്ക് വെല്ലുവിളിയാണ്. മാത്രമല്ല കമ്പികൾ നീണ്ടിരിക്കുന്നതിനാൽ വലിയ അപകട സാധ്യതും നിലനിൽക്കുന്നു
വിദ്യാർഥികളുൾപ്പെടെ ദിവസേന ധാരാളമാളുകൾ വന്നുപോകുന്ന പ്രധാന ബസ് സ്റ്റാൻഡാണ് ആറ്റിങ്ങലിലേത്. കിളിമാനൂർ, കാരേറ്റ്, വെഞ്ഞാറമൂട്, കടയ്ക്കാവൂർ, വാമനപുരം, ചിറയിൻകീഴ്, കോരാണി, തോന്നയ്ക്കൽ, വർക്കല, നാവായിക്കുളം, പള്ളിക്കൽ തുടങ്ങി ജില്ലയുടെ മലയോരമേഖലയിലേയ്ക്കും തീരദേശമേഖലയിലേയ്ക്കും പോകുന്നതിന് യാത്രക്കാർ ആശ്രയിക്കുന്ന കേന്ദ്രമാണ് ആറ്റിങ്ങൽ. കുഴികൾ നിറഞ്ഞതോടെ ബസുകൾക്ക് സ്റ്റാൻഡിനുള്ളിൽ കയറുന്നതിനും ഇറങ്ങുന്നതിനും സമയക്കൂടുതൽ വരുന്നെന്ന കാരണത്താൽ പലപ്പോഴും സ്റ്റാൻഡിൽ കയറാനാകാതെ ബസുകൾ ദേശീയപാതയിൽ നിരന്നു കിടക്കുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു.സ്റ്റാൻഡിൽ ടാറിങ് നടത്തണമെന്ന് തകർന്ന ഓടയുടെ മൂടി മാറ്റിയിടണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.