കഴക്കുട്ടം : കഴക്കൂട്ടത്ത് വിവാഹ സൽക്കാരത്തിനിടെ ഗുണ്ടകൾ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പേർ കഴക്കൂട്ടം പോലീസിന്റെ പിടിയിലായി.കഴക്കൂട്ടം സ്വദേശി ജാസിം ഖാൻ (29), മംഗലപുരം വെയിലൂർ ചെറുവയ്ക്കലിൽ ഷിബിൽ(34), കണിയാപുരം കുന്നിനകത്ത് രാഹുൽ (24), കഴക്കൂട്ടം ഇലിപ്പക്കുഴിയിൽ അഭിനവ് (26) കഴക്കൂട്ടം കരിയിൽ താമസക്കാരനായ ശങ്കർ (22) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.
ഞായറാഴ്ച രാത്രി ഏഴരയോടെ കഴക്കൂട്ടം നെട്ടയക്കോണത്ത് വിവാഹ ചടങ്ങിനിടെയാണ് സംഭവം. വിവാഹ സൽക്കാരത്തിനെത്തിയ ഗുണ്ടകൾ തമ്മിലുണ്ടായ വാക്കേറ്റം ഒടുവിൽ സംഘർഷതത്തിലെത്തുകയും കണിയാപുരം കുന്നിനകം സ്വദേശിയായ 28 വയസുള്ള വിഷ്ണുവിന് കുത്തേൽക്കുകയും ചെയ്യ്തു. മംഗലപുരം സി ആർ പി എഫിന് സമീപം ദേശീയ പാതയിൽ ടെക്നോ സിറ്റിയുടെ പ്രധാന കവാടത്തിന് മുന്നിൽ വാഹനം തടഞ്ഞു നിർത്തി സ്വർണ്ണവ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ ജാസിം ഖാനാണ് വിഷ്ണുവിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു.
നേരത്തെ ജാസിംഖാന്റെ സംഘത്തിലുണ്ടായിരുന്ന ആളാണ് വിഷ്ണു എന്നും പിടികൂടിയ പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്നും പോലീസ് പറഞ്ഞു. പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിൽ സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പ്രതികളെ കഴക്കൂട്ടം പോലീസിന് പിടികൂടാനായി .കഴക്കൂട്ടം സൈബർ സിറ്റി ഏ.സി.പി. ഹരി സി.എസ്സ്ന്റെ നേതൃത്വത്തിൽ കഴക്കൂട്ടം സി.ഐ ജെ.എസ്. പ്രവീൺ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.