ആറ്റിങ്ങൽ : ആറ്റിങ്ങൽ പോളിടെക്നിക് വിദ്യാർത്ഥി അജേഷ് കൃഷ്ണന്(19) വേണ്ടി തിരുവാതിര ബസ് നടത്തിയ കാരുണ്യ യാത്രയുടെ തുക ഇന്ന് കൈമാറി. യാത്രക്കാരായ സുമനസ്സുകളുടെ സഹകരണം കൊണ്ട് 50, 000 രൂപ ഒരു ദിവസത്തെ സർവീസ് കൊണ്ട് തിരുവാതിരയ്ക്ക് സമാഹരിക്കാൻ കഴിഞ്ഞു. ബസ് ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയാണ് അജേഷിന്റെ ചികിത്സയ്ക്കായി കൈമാറിയത്. ഇന്ന് ആലംകോട് വഞ്ചിയൂർ തിരുവാതിര ടൂർസ് ആൻഡ് ട്രാവൽസിന്റെ ഓഫിസിൽ വെച്ച് തിരുവാതിര ബസ്സിന്റെ ഉടമകളായ കെ സുദർശനൻ പിള്ളയും മകൻ നിഖിൽ സുദർശനും കോളേജ് യൂണിയൻ പ്രതിനിധികൾക്കാണ് തുക കൈമാറിയത്. അടുത്ത ദിവസം തന്നെ കോളേജ് യൂണിയൻ പ്രതിനിധികൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അജേഷിന്റെ ചികിത്സാ ചെലവിലേക്ക് എത്തിക്കുമെന്ന് അറിയിച്ചു.
പത്തിയൂർ സ്വദേശിയായ അജേഷ് കൃഷ്ണൻ പഠിക്കുന്നത് ആറ്റിങ്ങൽ ഗവ പോളിടെക്നിക്കിലാണ്. ഒരാഴ്ച മുൻപ് തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ യാത്ര ചെയ്യവേ ദേശീയ പാതയിൽ കൃഷ്ണപുരം അജന്ത ജംഗ്ഷനിൽ വെച്ച് സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിയന്ത്രണം തെറ്റിയെത്തിയ ലോറി ഇടിക്കുകയും ബസ്സിന്റെ പുറകിൽ ഇരുന്ന അജേഷിന്റെ തലയിലേക്ക് ബസ്സിന്റെ കമ്പി ഒടിഞ്ഞ് തുളച്ചു കയറുകയും ചെയ്തു. ഗുരുതര പരിക്കേറ്റ അജേഷിനെ ഉടനെ സമീപത്തെ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിർധന കുടുംബത്തിന്റെ ഭാവി സ്വപ്നമായ അജേഷിന്റെ തുടർചികിത്സയ്ക്ക് സഹപാഠികളാണ് ബസ്സിൽ ബക്കറ്റ് പിരിവ് നടത്തിയത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് നിൽക്കുന്ന തിരുവാതിര ബസ്സിന്റെ 11ആമത്തെ കാരുണ്യ യാത്രയായിരുന്നു ഇത്. ഇതിന് മുൻപ് സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന വിവിധ തലങ്ങളിൽ ഉള്ളവർക്ക് വേണ്ടി തിരുവാതിര കൈകോർത്തു.