വക്കം : വക്കത്ത് കിണറ്റിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുറച്ചു നാളായി കാണാതായ അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ 62 കാരന്റെയാണോ എന്ന സംശയത്തിലാണ് പോലീസ് അന്വേഷണം നടന്നു വരുന്നത്. എന്നാൽ 62 കാരനെ കാണാനില്ല എന്ന് പോലീസ് സ്റ്റേഷനുകളിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ബന്ധുക്കളുടെ സഹായത്തോടെ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയാൽ മാത്രമേ പോലീസിന് ആളെ സ്ഥിരീകരിക്കാൻ കഴിയുള്ളു. വക്കം പ്രദേശങ്ങളിൽ ജോലിക്കും മറ്റുമായി വന്നിരുന്നയാളാണ് പോലീസ് സംശയിക്കുന്ന നെടുങ്ങണ്ട സ്വദേശി. മാത്രമല്ല, മദ്യപാനമോ മറ്റു ദുശ്ശീലങ്ങളോ ഇല്ലാത്തയാളാണെന്നും പറയുന്നുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പോലീസ് പറഞ്ഞു.
വക്കം കൊച്ചുപള്ളി മൂന്നാലുംമൂട് റെയിൽവേ ട്രാക്കിന് സമീപം കൊന്നകൂട്ടം വീട്ടിൽ സലാഹുദ്ദീന്റെ ആൾതാമസമില്ലാത്ത പുരയിടത്തിലെ കിണറ്റിൽ നിന്നുമാണ് കഴിഞ്ഞ ദിവസം അസ്ഥികൂടം കണ്ടെത്തിയത്. പുരയിടത്തിൽ കൃഷി ചെയ്യുന്നതിനായാണ് ശനിയാഴ്ച രാവിലെ സലാഹുദ്ദീനും ജോലിക്കാരും പുരയിടത്തിൽ എത്തിയത്. കൃഷി ആവശ്യത്തിനുള്ള വെള്ളത്തിനു വേണ്ടി പുരയിടത്തിലെ ഉപയോഗിക്കാതെ കിടന്ന കിണർ ജോലിക്കാർ വൃത്തിയാക്കുന്നതിനിടയിലാണ് മനുഷ്യാസ്ഥികൂടം കിട്ടുന്നത്. ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയും വർക്കല ഡി.വൈ.എസ്.പി നിയാസ്, കടയ്ക്കാവൂർ എസ്.ഏച്ച്.ഒ വി. അജേഷ്, ഫോറൻസിക് സയന്റിഫിക് ഓഫീസർ കാളിയമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയായിരുന്നു.