ഇലകമൺ: ബൈക്ക് മോഷ്ടാവിനെ അയിരൂർ പോലീസ് പിടികൂടി. ഇലകമൺ സ്വദേശി പൊടിയൻ എന്ന് വിളിക്കുന്ന അഭിലാഷ് (29) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 29 നാണ് അഭിലാഷും സുഹൃത്തും കൂടി ബൈക്ക് മോഷ്ടിക്കുന്നത്. വർക്കല നടയറയിലെ സ്വകാര്യ വാഹന സർവീസ് സെന്ററിന്റെ സമീപത്ത് പാർക്ക് ചെയ്തിരുന്ന മുട്ടപ്പലം സ്വദേശി ബാബുവിന്റെ ബൈക്ക് ആണ് മോഷണം പോയത്. ഉടമസ്ഥന്റെ പരാതിയെ തുടർന്ന് അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയുന്നത്. പ്രതിയുടെ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബൈക്ക് മോഷണക്കേസുകൾ ഉൾപ്പെടെ നിരവധി മോഷണക്കേസുകളിൽ പ്രതി ആണെന്ന് അഭിലാഷ് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി അയിരൂർ എസ്ഐ സജിത്ത് എസ്സ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി നിയാസ് പി യുടെ നേതൃത്വത്തിൽ അയിരൂർ സിഐ ശ്രീജേഷ് വി കെ, എസ്ഐ സജിത്ത് എസ്സ്, എഎസ്ഐ ഷിർജു , സീനിയർ പോലീസ് ഓഫീസർമാരായ സജീവ്, സുഗുണൻ നായർ , ജയ് മുരുകൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.