വർക്കല : 14 കാരിയെ പ്രലോഭിപ്പിച്ച് വീട്ടിൽ നിന്നും ഇറക്കികൊണ്ടു പോയി പീഡിപ്പിച്ചശേഷം ഉപേക്ഷിച്ച കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ . വർക്കല ചാവടിമുക്ക് സ്വദേശി കിട്ടു എന്ന് വിളിക്കുന്ന ശ്രീജിത്ത് (32) നെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 21 ന് പുലർച്ചെ 3.30 ഓടെയാണ് കുട്ടിയുടെ ബന്ധുവായ പ്രതി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോകുന്നത്. നേരം പുലർന്നപ്പോൾ കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ രക്ഷകർത്താക്കൾ പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകുകയായിരുന്നു. കുട്ടിയെ കാണാതായ ദിവസത്തിന് തലേന്ന് ഓൺലൈൻ പഠനത്തിനായി കുട്ടി ഉപയോഗിച്ചിരുന്ന കുട്ടിയുടെ മൊബൈലിൽ വാട്സാപ്പിൽ ചാറ്റ് നടത്തിയിരുന്നതായും ഇതിൽ കുട്ടിയെ വഴക്ക് പറഞ്ഞതായും രക്ഷകർത്താക്കൾ മൊഴി നൽകിയതോടെയാണ് കുട്ടിയുടെ മൊബൈൽ പോലീസ് പരിശോധിക്കുന്നതും പ്രതിയിലേക്ക് പോലീസ് എത്തുന്നതും. തുടർന്ന് പ്രതിയുടെ മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ ടവർ ലൊക്കേഷൻ എറണാകുളം എന്ന് കണ്ടതിനെ തുടർന്ന് എറണാകുളം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. എന്നാൽ മൊബൈൽ സ്വിച്ച് ഓഫ് ആക്കിയ ശേഷം ട്രെയിൻ യാത്ര തുടർന്ന പ്രതി കുട്ടിയെയും കൊണ്ട് കോയമ്പത്തൂരിൽ എത്തുകയും ലോഡ്ജിൽ മുറി എടുത്തു ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടിയുടെ വീടുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി കുട്ടിയെ ലൈംഗിമായി പലതവണ ചൂഷണം ചെയ്തിട്ടുണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട്. തന്റെ ജോലി സ്ഥലങ്ങൾ കാണിച്ചു തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് ആണ് ഇയാൾ കുട്ടിയെ വീട്ടിൽ നിന്നും തന്റെ സ്കൂട്ടിയിൽ കടത്തിക്കൊണ്ടു പോകുന്നത്. വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി കുട്ടിയെയും കൊണ്ട് ട്രെയിനിൽ കോയമ്പത്തൂരിൽ എത്തുകയും ലോഡ്ജിൽ മുറി വാടകയ്ക്ക് എടുത്തു പീഡിപ്പിക്കുകയും ആയിരുന്നു എന്ന് പോലീസ് പറയുന്നു. തുടർന്ന് പ്രതി കുട്ടിയെയും കൊണ്ട് വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തുകയും സ്റ്റേഷന് സമീപം ആളൊഴിഞ്ഞ പ്രദേശത്തെ പൂട്ടി കിടക്കുന്ന ബാറിന് പിറകിൽ കുട്ടിയെ ഉപേക്ഷിക്കുകയുമാണ് ഉണ്ടായത്. തുടർന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ റെയിൽവേ സ്റ്റേഷന് സമീപം നിന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുമ്പോഴാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു എന്ന് പ്രതി വ്യക്തമാക്കുന്നത്. തുടർന്ന് വർക്കല പോലീസ് പൂട്ടിക്കിടക്കുന്ന ബാറിന് പിന്നിൽ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു . കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോയമ്പത്തൂർ എത്തിച്ചു തെളിവെടുപ്പ് നടപടികൾ പൂർത്തീകരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.