ആറ്റിങ്ങൽ തച്ചൂർക്കുന്ന് അങ്കണവാടിയിൽ കൗമാരക്കാരായ ആൺകുട്ടികൾക്കുള്ള വർണ്ണകൂട് ക്ലബ് പ്രവർത്തനം ആരംഭിച്ചു.ക്ലബിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. അങ്കനവാടി ടീച്ചർ ഗിരിജ.ജെ.എൽ അധ്യക്ഷതയും, എ.എൽ.എം.സി അംഗം കൃഷ്ണദാസ് സ്വാഗതവും പറഞ്ഞു. കൂടാതെ സംസ്ഥാന സർക്കാരിന്റെ ലഹരി വർജ്ജന മിഷൻ മുക്തി പദ്ധതിയുടെ ഭാഗമായ ബോധവൽക്കരണ ക്ലാസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബുവിന്റെ നേതൃത്വത്തിൽ നടന്നു.
അങ്കനവാടി പരിധിയിലെ 20 ഓളം കുട്ടികൾ വർണ്ണക്കൂടിൽ അംഗങ്ങളായി. പ്രാഥമിക വിദ്യാഭ്യാസ പഠനകാലം മുതൽ തന്നെ കുട്ടികളെ നേരായ വഴിയിലൂടെ വാർത്തെടുക്കുന്നതിന് വേണ്ടിയാണ് നഗരസഭയും എക്സൈസ് വകുപ്പും ഇത്തരം പദ്ധതികളുമായി കൈകോർക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ പ്രദേശത്തെ കൗമാരക്കാരായ പെൺകുട്ടികളെ പങ്കാളിത്തം ഉറപ്പ് വരുത്തിക്കൊണ്ട് മറ്റൊരു ക്ലബ് കൂടി രൂപീകരിക്കുമെന്നും അധികാരികൾ അറിയിച്ചു. അങ്കനവാടി മന്ദിരത്തിൽ വച്ച് നടന്ന പരിപാടിയിൽ ബോധവൽക്കരണ ക്ലാസെടുത്ത സർക്കിൾ ഇൻസ്പെക്ടറിൽ നിന്ന് തിക്കിതിരക്കി കുട്ടികൾ ഓട്ടോഗ്രാഫ് വാങ്ങിയതും കൗതുകമായ്. സിവിൽ ഓഫീസർ ബിനു, ആർ. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. ക്ലബ് പ്രസിഡന്റായി ചുമതലയേറ്റ ഗൗതം ചടങ്ങിന് നന്ദിയും അറിയിച്ചു.