അയിരൂർ: കുപ്രസിദ്ധ കുറ്റവാളിയായ ഹെൽമറ്റ് മനു എന്നറിയപ്പെടുന്ന ആരോമലിനെ (22) കാപ്പ നിയമപ്രകാരം ജില്ലയിൽ പുറത്താക്കിക്കൊണ്ട് തിരുവനന്തപുരം റെയിഞ്ച് ഡി.ഐ.ജി ഉത്തരവിറക്കി. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട മുട്ടപ്പലം സ്വദേശിയാണ് ഇയാൾ. 2007 ലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (KAAPA) 15(1) വകുപ്പു പ്രകാരമാണ് ജില്ലയിൽ നിന്നും പുറത്താക്കിക്കൊണ്ട് തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി ഉത്തരവിറക്കിയത്. അയിരൂർ, വർക്കല, കല്ലമ്പലം പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. 2020 കാലയളവ് മുതൽ അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോവൂർ, ചെമ്മരുതി എന്നീ സ്ഥലങ്ങളിലും കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മാടൻനട , കുന്നത്തുമല എന്നീ
പ്രദേശങ്ങളിലും വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വർക്കല ക്ലിഫ് , ഹെലിപ്പാഡ് എന്നീ സ്ഥലങ്ങളിലും നിയമവാഴ്ചക്ക് യാതൊരു വിലയും കൽപ്പിക്കാതെ പ്രദേശവാസികളെ ആക്രമിച്ച് ഭയപ്പെടുത്തികൊണ്ട് അവരുടെ സമാധാന ജീവിതത്തിനു ഭംഗം വരുത്തുന്ന രീതിയിൽ നിരന്തരം അടിപിടി, അക്രമം,അസഭ്യം വിളി, മാരകമായ ആയുധങ്ങളുടെ ഉപയോഗം, സ്ഫോടക വസ്തുക്കൾ കൊണ്ടുള്ള ആക്രമണം, കഞ്ചാവ് വിൽപ്പന തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന വ്യക്തിയാണ് ഹെൽറ്റ് മനു. ഇയാൾക്കെതിരെ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകളാണ് കാപ്പ ചുമത്താൻ ആധാരമായി എടുത്തിട്ടുള്ളത്.
അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡിയായ ഇയാളുടെ ഇത്തരം അക്രമപ്രവർത്തനങ്ങളിൽനിന്നും പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണവും സ്വൈരജീവിതം ഉറപ്പ് വരുത്തുന്നതിനു ഇത്തരത്തിലുള്ള പ്രവർത്തികളിൽ നിന്നും ഇയാളെ പിന്തിരിപ്പിക്കുവാനുമായിട്ടാണ്
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (KAAPA) 15(1) വകുപ്പു പ്രകാരം ഉത്തരവ് ഇറക്കിയിട്ടുള്ളത്.