പൊതു സമൂഹത്തിൽ മാറ്റങ്ങൾക്ക് അടിത്തറയിടുന്നത് അടിസ്ഥാന വിദ്യാഭ്യാസമാണെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. ചാത്തന്നൂർ എൻ.എസ്സ്.എസ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോൽസവത്തിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സാമൂഹ്യ രംഗത്തും ആരോഗ്യ രംഗത്തും നേടിയ പുരോഗതികൾക്ക് നാം പൊതു വിദ്യാഭ്യാസ രംഗത്തോട് കടപ്പെട്ടിരിക്കുന്നു. മനുഷ്യ സ്നേഹം, സേവനബോധം ഇവ കുട്ടിക്കാലത്ത് മനസ്സിലുറപ്പിക്കേണ്ടവയാണ്. പൊതു സമൂഹത്തോടുള്ള കടമകൾ നിറവേറ്റാൻ കഴിയും വിധം പുതിയ തലമുറയെ വാർത്തെടുക്കാൻ സമൂഹം ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങ് എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൾ രാധാകൃഷ്ണൻ നായർ , ഹെഡ്മിസ്സ്ട്രസ് ഗിരിജകുമാരി , ഭദ്രൻ പിള്ള , ബിന്ദു, സുനിൽകുമാർ , അജയകുമാർ , ലതാ മണി എന്നിവർ സംസാരിച്ചു.