കാട്ടാക്കടയിൽ തോക്ക് ചൂണ്ടി ബധിരയും മൂകയുമായ വീട്ടമ്മയുടെ കമ്മൽ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി പൊലീസ് പ്രതിയുടെ രേഖാ ചിത്രം തയാറാക്കി. സംഭവ ദിവസം രാവിലെ കവർച്ച നടന്ന വീട്ടിലെ താമസക്കാരനായ രതീഷിനെ അന്വേഷിച്ച് ഒരാൾ സമീപത്തെ വീട്ടിൽ എത്തിയിരുന്നു. ഇയാളാകാം കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ, വീട് അന്വേഷിച്ച അയൽവാസിയോട് ചോദിച്ചറിഞ്ഞാണ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം വരച്ചത്. ഇത് കാണിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പൊലീസ് രേഖാ ചിത്രം പുറത്തുവിട്ടു. ഇതുവഴി പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ കാട്ടാക്കട മുതിയാവിള കളിയാകോട് ശാലോം നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന രതീഷിന്റെ ഭാര്യാ മാതാവും ബധിരയും മൂകയുമായ കുമാരി (56)യെ മർദ്ദിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്താണ് പ്രതി കമ്മൽ ഊരി വാങ്ങി കടന്നുകളഞ്ഞത്. സംഭവത്തിന് ശേഷം കാട്ടാക്കട പൊലീസ് സ്പെഷ്യൽ സ്കൂൾ അധ്യാപികയുടെ സഹായത്തോടെ കുമാരിയിൽ നിന്ന് മൊഴിയെടുത്തിരുന്നു.