വർക്കല : ചെമ്മരുതി കുന്നുവിള കോളനിയിൽ വീടിന്റെ പരിസരത്ത് കഞ്ചാവും മറ്റ് പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് പറഞ്ഞു വിലക്കിയ ദമ്പതികളെ വീട് കയറി ആക്രമിച്ച കേസിൽ 6 പേരെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി മുരിങ്ങവിള വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന വിജിത്ത് (21), ചെമ്മരുതി ഇടവിള വീട്ടിൽ ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന പ്രശാന്ത്(20), ചെമ്മരുതി പുത്തൻവീട്ടിൽ വെള്ളാത്തു എന്ന് വിളിക്കുന്ന രാജീവ് (23), ചെമ്മരുതി ചരുവിള വീട്ടിൽ പുരുഷു എന്ന് വിളിക്കുന്ന ശ്രീജിത്ത്(23), ചെമ്മരുതി വലിയ പൊയ്ക വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന അനൂപ്(19), ചെമ്പരുതി പുത്തൻ വിള വീട്ടിൽ കുട്ടപ്പൻ എന്ന് വിളിക്കുന്ന മുകുന്ദൻ (19 )എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ആറ് പേർക്ക് പുറമെ പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥി കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മെയ് 29 നാണ് കേസിന് ആസ്പദമായ സംഭവം. വർക്കല അയിരൂർ കുന്നുവിള ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഷിബു – ഗീത ദമ്പതികളെയും മക്കളെയും ബന്ധുക്കൾ കൂടിയായ യുവാക്കൾ വീട് കയറി ആക്രമിച്ചു പരിക്കേല്പിച്ചതായാണ്പരാതി. ബന്ധുക്കളായ യുവാക്കൾ സ്ഥിരമായി വീടിന് പരിസരത്ത് കഞ്ചാവും മറ്റ് പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് പറഞ്ഞു വിലക്കിയതിന്റ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് അയിരൂർ പോലീസ് പറയുന്നു. സംഭവ ദിവസം രാവിലെ ഷിബുവിന്റെ വീട്ടിലെത്തിയ യുവാക്കൾ വാതിൽ ചവിട്ടി തുറന്ന് അകത്തേക്ക് പ്രവേശിക്കുകയും വീട്ടുപകരണങ്ങളും പാകം ചെയ്ത ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഷിബുവിനെയും ഭാര്യ ഗീതയെയും മക്കളെയും കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് ഷിബു കുടുംബവും അയിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രായപൂർത്തിയാകാത്ത യുവാവിന് സംഭവത്തിലുള്ള പങ്ക് അന്വേഷിച്ചശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് അയിരൂർ സി. ഐ ശ്രീജേഷ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.