മദ്യ വിൽപ്പന നടത്തി വന്ന യുവാവ് അറസ്റ്റിൽ.കല്ലറ, പരപ്പിൽ സ്വദേശി വിഷ്ണുവിനെ(32) യാണ് അറസ്റ്റ് ചെയ്തത്. കല്ലറ മുതുവിള നിശാഗന്ധി ജംഗ്ഷനിൽ നിന്നും മുള മുക്കിലേക്ക് പോകുന്ന റോഡിൽ തോട്ടുമുക്കിൽ വച്ച് വിദേശമദ്യം ചില്ലറ വിൽപ്പന നടത്തിവന്ന വിഷ്ണുവിനെ വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എസ്. ഷാജിയും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. മുതുവിള ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ രീതിയിൽ വിദേശമദ്യ വിൽപ്പന നടന്നു വരുന്നു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ പ്രദേശങ്ങളിൽ എക്സൈസിന്റെ പ്രത്യേക നിരീക്ഷണം നടന്നു വരുന്നതിനിടയിലാണ് മദ്യവിൽപ്പനയിൽ വിഷ്ണു പിടിയിലാവുന്നത്. പ്രതിയിൽ നിന്നും 18 ലിറ്ററോളം വിദേശമദ്യവും, മദ്യം സൂക്ഷിച്ചിരുന്ന ആക്ടീവ സ്കൂട്ടറും, മദ്യവില്പന കിട്ടി ലഭിച്ച പണവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസവും വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുതുവിള ജംഗ്ഷനിൽ മദ്യ വില്പന നടത്തി വന്ന വികലാംഗനായ ചിന്തകൻ എന്നയാളെ അറസ്റ്റ് ചെയ്തു കേസെടുത്തിരുന്നു. വരും ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രിവൻ്റീവ് ഓഫീസർ എസ്. ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സജികുമാർ, അരുൺ കുമാർ, ഹാഷിം, വിഷ്ണു എംഎസ് എന്നിവർ പങ്കെടുത്തു.