ഭരതന്നൂർ: കണ്ടാൽ ചെറിയ കൊഴിയാണെങ്കിലും ദിവസം രണ്ടു മുട്ട തരും ഈ മിടുക്കി. ഭരതന്നൂർ വട്ടക്കരിക്കകം ഷാനവാസ് മൻസിലിൽ ഷാനവാസിന്റെ പിടക്കോഴിയാണ് ദാനധർമി. സാധാരണ കോഴികൾ ഒരു ദിവസം ഒരു മുട്ട ഇടുമ്പോൾ ഇവൾ രണ്ട് മുട്ടയാണ് ഇടുന്നത്. കഥ പുറത്തായതോടെ നാട്ടിലെ താരമാണ് ഷാനവാസിന്റെ കോഴി.
തുടർച്ചയായി എല്ലാ ദിവസവും രണ്ട് മുട്ടകൾ ഇടാറില്ല. ഒരു ദിവസം ഒരു മുട്ട ഇട്ടാൽ അടുത്ത ദിവസമോ തൊട്ടടുത്ത ദിവസമോ രണ്ട് മുട്ടകൾ ഇടുന്നു. ഒരേ സമയത്താണ് രണ്ട് മുട്ടകൾ ഇടുന്നതും. കൂട്ടിനുള്ളിൽ ഒരേ സമയം രണ്ടു മുട്ടകൾ കണ്ട് സംശയം തോന്നി വീട്ടുകാർ നടത്തിയ നിരീക്ഷണത്തിലാണ് കോഴിയുടെ സവിശേഷത തിരിച്ചറിഞ്ഞത്. മുട്ടകൾ തമ്മിൽ വലുപ്പത്തിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിലും സ്വാദിന് അതില്ല.
ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കല്ലറ ബ്ളോക്ക് ജനറൽ സെക്രട്ടറിയായ ഷാനവാസ് നാല് മാസം മുൻപ് അയൽ വാസിയുടെ പക്കൽ നിന്നും പോര് കോഴികളുടെ വർഗത്തിൽ പെട്ട രണ്ട് കോഴികളെ വാങ്ങിയിരുന്നു. അതിൽ ഒന്നാണ് ഈ കരുംപിട. ഒപ്പമുണ്ടായിരുന്ന പൂവൻ ഒരു മാസം മുമ്പ് ചത്തു പോയി. പിട ഒറ്റയ്ക്കായപ്പോൾ ഒരു പൂവൻ കോഴിയെ കൂടി വാങ്ങി കൂട്ടിലിട്ടു. എന്നാൽ ശുണ്ഡിക്കാരിയായ അവൾ പുതിയ കൂട്ടുകാരനോട് ഇണങ്ങിയില്ല. തരം കിട്ടുമ്പോൾ അക്രമിക്കുകയം ചെയ്യും. മുട്ട അട വച്ച് കുഞ്ഞുങ്ങളെ വിരിയിക്കാനായി നിരവധിപേർ മുട്ട ആവശ്യപ്പെട്ട് ഷാനവാസിനെ സമീപിക്കുന്നുണ്ട്.