ആലംകോട് – മീരാൻ കടവ് റോഡിന്റെ നിർമ്മാണം ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉറപ്പ് നൽകിയതായി ഒ എസ്. അംബിക എം.എൽ.എ വാർത്താ ക്കുറിപ്പിൽ അറിയിച്ചു. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ദേശീയ പാതയിലെ ആലംകോടിനെ തീരദേശ ഗ്രാമമായ അഞ്ചുതെങ്ങുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്. കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് ആധുനീകരിക്കാൻ നടപടി പൂർത്തിയാക്കിയത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല. ആദ്യ ഘട്ടത്തിൽ ആലംകോട് മുതൽ തൊട്ടിക്കല്ലു വരെ റോഡ് നിർമ്മാണം നടത്തുന്നതിനായി നിലവിലെ റോഡ് കുഴിച്ച് സർഫസിംഗ് ജോലികൾ ആരംഭിച്ച ഘട്ടത്തിലാണ് റോഡിലെ പ്പൈപ്പുകൾ കാലഹരണപ്പെട്ടവയാണെന്നും വലിയ ഭാരമുള്ള മെഷിനറികൾ ഉപയോഗിക്കുമ്പോൾ പൈപ്പ് പൊട്ടാൻ സാധ്യത ഉണ്ടെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചത്. ഇതെ തുടർന്ന് പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് ടെണ്ടർ വിളിക്കുകയും നടപടി പൂർത്തീകരിക്കുകയും ചെയ്തു. പൈപ്പ് ഉടൻ മാറ്റി സ്ഥാപിക്കുകയും ടാറിംഗ് ജോലികൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.