കണിയാപുരം: മുസ്ലിം ഹെസ്കൂൾ ഫോർ ഗേൾസ് വിദ്യാർത്ഥിനി സുൽത്താന ഫാത്തിമയുടെ വിജയത്തിന് നക്ഷത്രത്തിളക്കം. അണ്ടൂർക്കോണം പഞ്ചായത്തിലെ തേക്കേവിള 13-ാം വാർഡിൽ സുധീർ- ഷിംല ദമ്പതികളുടെ മകൾ സുൽത്താന കഠിനമായ ജീവിത സാഹചര്യങ്ങൾക്കിടയിലും ശാരീരിക പ്രയാസങ്ങളെ മറികടന്ന് ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ നേടിയത് 1 എ പ്ലസും 4 എയും. സ്കൂൾ അക്കാദമിക മികവിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയാണ് സുൽത്താന.
ജന്മനാ ഇരു കൈകൾക്കും കാലിനും സ്വാധീനമില്ലാത്ത സുൽത്താനയുടെ മുഴുവൻ കാര്യങ്ങളും ശ്രദ്ധിക്കുന്നത് മാതാവാണ്. സ്കൂളിലേക്കുള്ള യാത്ര പിതാവിനൊപ്പമാണ്.
കോവിഡ് കാലഘട്ടത്തിലെ നേരിട്ടുള്ള ക്ലാസുകളുടെ അഭാവത്തിലും മികച്ച വിജയം നേടിയ സുൽത്താനയെ ഫ്രറ്റേണിറ്റി മൂവ്മെന്റ മണ്ഡലം പ്രസിഡന്റ ഗോപു തോന്നയ്ക്കൽ അഭിനന്ദനങ്ങൾ അറിയിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു. ഭിന്നശേഷിയുള്ള കുട്ടികളെ മാറ്റി നിർത്താതെ ചേർത്ത് പിടിച്ച് കൊണ്ട് സാമൂഹിക സുസ്ഥിതിയിലേക്കും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്കും നയിക്കാൻ സാധിക്കണമെന്ന് ഗോപു പറഞ്ഞു. മികച്ച വിജയം നേടിയ സുൽത്താനയ്ക്കായി പരീക്ഷ എഴുതിയത് ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സുഹാനയാണ് .പ്ലസ് വണ്ണിന് പഠിക്കണമെന്നാണ് ഇനി സുൽത്താനയുടെ ആഗ്രഹം.
എ ജെ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന സാദിഖാണ് സഹോദരൻ.ജില്ല സെക്രട്ടറി അംജദ് റഹ്മാൻ, ഫൗസിയ, വെൽഫെയർ പാർട്ടി അംഗങ്ങളായ മുംതാസ് ബീഗം , അനസ് ബഷീർ എന്നിവർ സന്നിഹിതരായിരുന്നു.