അയിരൂർ : യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. ചെമ്മരുതി കോവൂർ ലക്ഷംവീട് സ്വദേശി കൊച്ചുമോൻ എന്ന് വിളിക്കുന്ന ബിനു (31) നെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചെമ്മരുതി ചേട്ടക്കാവ് സ്വദേശി സുനിലിനെ (30) വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂൺ 22 ന് രാത്രി 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രതിയോടൊപ്പം കൂലിപ്പണിക്ക് പോകുന്ന സുനിൽ കഴിഞ്ഞദിവസം ജോലിക്ക് ചെല്ലാത്തതിലുള്ള വിരോധം നിമിത്തമാണ് വീട് കയറി ആക്രമിച്ചത്. സുനിലിന്റെ വീട്ടിൽ എത്തിയ പ്രതി അസഭ്യം വിളിക്കുകയും തുടർന്ന് കയ്യിൽ കരുതിയിരുന്ന പാറ കഷ്ണം കൊണ്ട് സുനിലിന്റെ മുഖത്തു ഇടിക്കുകയുമായിരുന്നു. വായിലും മൂക്കിലും ഇടിയേറ്റ സുനിലിന്റെ 2 പല്ലുകൾക്ക് ക്ഷതം സംഭവിക്കുകയും ഇളകി തെറിക്കുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയ പ്രതി സമീപ പ്രദേശത്ത് ഒളിവിൽ താമസിക്കുന്നു എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയിരൂർ പോലീസ് പിടികൂടിയത്.
കഞ്ചാവ് വിൽപന , മോഷണം , അടിപിടി ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതി കൂടിയാണ് ബിനു എന്ന് അയിരൂർ എസ് ഐ . സജിത്ത് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.