സർക്കാരിനെ അസ്ഥിരപെടുത്താൻ പല ഛിദ്ര ശക്തികളും ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും പൂർവാധികം ശക്തിയോടെ വികസന പ്രവർത്തനങ്ങൾ തുടരുന്നത് ജനങ്ങളുടെ പിന്തുണ ഉള്ളതുകൊണ്ടാണെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പഴയകുന്നുമ്മേൽ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കിളിമാനൂർ കൊച്ചുപാലം പുനർ നിർമിച്ചതിൻ്റെയും പുതിയകാവ് റോഡ് ഉപരിതലം നവീകരിച്ചതിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നാട്ടിൽ റോഡും പാലവും പോലുള്ള വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ സന്തോഷിക്കുകയാണ് പതിവ്. എന്നാൽ ചിലർ വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നത് നിരാശാജനകമാണ്. സർക്കാരിനെ അസ്ഥിരപെടുത്താൻ കലാപങ്ങളിലൂടെ ശ്രമിച്ചാൽ ജനങ്ങൾ ജനാധിപത്യപരമായി നേരിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കിളിമാനൂരിനെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന കിളിമാനൂർ ആലംകോട് റോഡിൽ ഉണ്ടായിരുന്ന കാലപ്പഴക്കം ചെന്ന പാലമാണ് പൊളിച്ച് പുതുക്കി പണിഞ്ഞത്. ഇതിന് പുറമെ കിളിമാനൂർ ജംഗ്ഷൻ മുതൽ പുതിയകാവ് വരെയുള്ള റോഡ് നവീകരിക്കുകയും ചെയ്തു. 1.65 കോടി രൂപയാണ് ചെലവായത്. പുതിയ പാലം വന്നതോടെ കിളിമാനൂർ ജംഗ്ഷനിലെ ഗതാഗത കുരുക്കും പരിഹരിക്കപ്പെട്ടു.
ഒ എസ് അംബിക എം എൽ എ അധ്യക്ഷയായ ചടങ്ങിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ രാജേന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.