സായിഗ്രാമം നാടൻ കലകളുടെ സംരക്ഷണത്തിന് ഒരുങ്ങുന്നു

eiD76AD76324

തോന്നയ്ക്കൽ : നാടൻകലകൾ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സായിഗ്രാമം ഒരുങ്ങുന്നു. കേരള വിനോദസഞ്ചാരവകുപ്പ് നടപ്പാക്കുന്ന സോഷ്യൽ ടൂറിസം പദ്ധതിയിലൂടെയാണ് കലകളെ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നത്.

ഇതിനായി സായിഗ്രാമത്തിലെ രണ്ടേക്കർ സ്ഥലത്ത് സംസ്ഥാനസർക്കാർ ആറുകോടി രൂപ ചെലവിട്ട് 12,000 ചതുരശ്രയടി വിസ്തൃതിയിൽ കെട്ടിടം നിർമിച്ചിട്ടുണ്ട്.

കേരള കലാമണ്ഡലത്തിന്റെ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. പുള്ളുവൻപാട്ട്, പാവക്കൂത്ത്, കാക്കാരിശ്ശിനാടകം, കളരിപ്പയറ്റ്, പുലിക്കളി, കൃഷ്ണനാട്ടം, തെയ്യം, തായമ്പക, പഞ്ചവാദ്യം, തോറ്റംപാട്ട്, കുമ്മാട്ടി, വേലകളി, ചാക്യാർകൂത്ത്, കൂടിയാട്ടം എന്നീ കലാരൂപങ്ങളെ തനിമയിൽ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം.

ഈ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന മികച്ച കലാകാരന്മാരെ കുടുംബസമേതം സായിഗ്രാമത്തിൽ പാർപ്പിക്കും. പഠനക്കളരിയൊരുക്കും. സായിഗ്രാമത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കായി കലാരൂപങ്ങൾ അവതരിപ്പിക്കും. വിദേശികൾക്കും പഠിക്കാൻ അവസരമുണ്ടാകും.

സംസ്ഥാനസർക്കാരാണ് പദ്ധതി നടപ്പാക്കുന്നത്. നടത്തിപ്പ് ചുമതല സായിഗ്രാമം നിർവഹിക്കും. ഒന്നാംഘട്ടം വിജയിച്ചാൽ രണ്ടാംഘട്ടമായി 12,000 ചതുരശ്രയടിയുടെ മറ്റൊരു പദ്ധതി കൂടി തുടങ്ങുമെന്ന് വിനോദസഞ്ചാരവകുപ്പ് അറിയിച്ചതായി സായിഗ്രാമം എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ പറഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11-ന് ഗവർണർ പി.സദാശിവം നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, നടൻ നെടുമുടി വേണു എന്നിവർ പങ്കെടുക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!