യുവതിയെ ആക്രമിച്ച കേസിലെ പ്രതികളെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.വെട്ടൂർ സ്വദേശികളായ വിജയൻ (36) , പൊടിയൻ എന്ന് വിളിക്കുന്ന ഷിബി (52) എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ അജയൻ ഒളിവിലാണ്. വർക്കലയിലെ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ അഞ്ചുതെങ്ങു സ്വദേശിനിയെ ഇക്കഴിഞ്ഞ എട്ടാം തിയതി വൈകുന്നേരം ആറര മണിയോടെ അകത്തുമുറി റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചു ആക്രമിച്ചു എന്ന പരാതിയിന്മേലാണ് അറസ്റ്റ്.
വർക്കലയിലെ സ്വകാര്യധനമിടപാട് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റ് കൂടിയായ യുവതി , ജോലി സംബന്ധമായ ആവശ്യത്തെ തുടർന്ന് ഇക്കഴിഞ്ഞ എട്ടാം തിയതി വൈകുന്നേരത്തോടെ അകത്തുമുറി ബസ്സ് സ്റ്റാൻഡിന് സമീപം എത്തുകയും തന്റെ ഇരുചക്ര വാഹനം പാർക്ക് ചെയ്തശേഷം ക്യാഷ് കളക്ഷന് വേണ്ടി സമീപത്തെ റെയിൽവേ ട്രാക്കിന് സമീപത്തെ വീട്ടിലേക്ക് പോവുകയുമായിരുന്നു. യുവതി ഒറ്റയ്ക്ക് ആണെന്ന് മനസിലാക്കിയ ഒന്നാം പ്രതി അജയൻ യുവതിയെ തടഞ്ഞു നിർത്തുകയും അസഭ്യം പറഞ്ഞുകൊണ്ട് ദേഹോപദ്രവം ചെയ്യാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. ഈ സമയം പരിസരത്ത് ഉണ്ടായിരുന്ന അജയന്റെ സുഹൃത്തുക്കൾ കൂടിയായ ഷിബിയും വിജയനും അജയനൊപ്പം ചേർന്ന് യുവതിയെ ദേഹോപദ്രവം ചെയ്തതായും യുവതി മൊഴി നൽകിയിട്ടുണ്ട്. പ്രദേശത്ത് ഉണ്ടായിരുന്ന തന്റെ സഹപ്രവർത്തകനെ യുവതി ഫോണിൽ വിളിക്കുകയും മൂന്ന് പേർ ആക്രമിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു. ഈ സമയം അജയൻ യുവതിയുടെ മൊബൈൽ തട്ടിപ്പറിച്ചു വാങ്ങുകയും ചെയ്തതോടെ യുവതി പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒന്നാം പ്രതി റെയിൽവേ ട്രാക്കിൽ നിന്നും കല്ലെടുത്ത് യുവതിയുടെ കാലിൽ എറിയുകയും യുവതിയുടെ വലത് കാൽ മുട്ടിനു പരിക്കേൽക്കുകയും ചെയ്തു . യുവതിയെ ആക്രമിക്കുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ഒന്നാം പ്രതിയായ അജയൻ യുവതിയെ റെയിൽവേ ട്രാക്കിൽ തള്ളിയിടുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നുണ്ട്. ഈ സമയം അവിടെ എത്തിയ സഹപ്രവർത്തകനെയും സംഘം മർദിക്കുകയായിരുന്നു. സമീപത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ അഭയം പ്രാപിച്ച യുവതിയെ അക്രമി സംഘം ആ വീട്ടിലും എത്തി തടഞ്ഞു വയ്ക്കുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് സുഹൃത്ത് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വന്ന രണ്ടും മൂന്നും പ്രതികളായ വിജയനും ഷിബിയും ആണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതിയായ അജയന് വേണ്ടിയുള്ള അന്വേഷണം ഉർജിതപ്പെടുത്തിയെന്നു വർക്കല പോലീസ് അറിയിച്ചു.