ശിവഗിരി: ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഉദ്ഘാടനവേദിയില്‍ വിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഉദ്ഘാടന വേദിയില്‍ ഉണ്ടായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനും എ സമ്പത്തിനൊന്നും വിളക്ക് കൊടുക്കാതെ മുഴുവന്‍ വിളക്കുകളും അല്‍ഫോണ്‍സ് കണ്ണന്താനം ഒറ്റയ്ക്ക് തെളിയിക്കുകയായിരുന്നു.
കടകംപള്ളി സുരേന്ദ്രന് എപ്പോള്‍ വിളിച്ചാലും ഫോൺ എടുക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വേദിയില്‍ പറഞ്ഞു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ മര്യാദ കാണിക്കുന്നില്ലെന്നും കേരളത്തിൽ നടപ്പാക്കുന്ന എല്ലാ കാര്യങ്ങളും കേരളത്തിലെ ടൂറിസം മന്ത്രിയെ അറിയിക്കാറുണ്ടെന്നും കണ്ണന്താനം പറഞ്ഞിരുന്നു.
അതേസമയം കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും ഉദ്ഘാടന വേദി വാക്പോരില്‍ ഏര്‍പ്പെട്ടു. സംസ്ഥാനത്താവിഷ്കരിക്കുന്ന കേന്ദ്ര ടൂറിസം പദ്ധതികളിൽ കേന്ദ്രം ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടന വേദിയില്‍ പറഞ്ഞു. ഇക്കാര്യത്തിൽ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ കാണിക്കരുത്. ഫെഡറൽ മര്യാദകൾ പാലിക്കപ്പെടണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.