ആറ്റിങ്ങൽ :ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും സ്റ്റുഡൻസ് ഒൺലിയുടെ ചെയിൻ സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിജയ് വിമൽ ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം മെയിലിൽ അയച്ചു.
നിവേദനം ഇങ്ങനെ :
ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ പെട്ട അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഒരു തീരദേശ ഗ്രാമമാണ്. ബി.എഡ്ഡ് ട്രെയിനിംഗ് കോളേജ്,ഹയർ സെക്കന്ററി സ്‌കൂളുകൾ,ഹൈ സ്‌കൂളുകൾ തുടങ്ങിയവ ഈ പ്രദേശത്തു നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി ഒട്ടേറെ വിദ്യാർത്ഥികൾ ഇവിടെ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് ദിവസവും പോയി വരുന്നുണ്ട്. ഈ വിദ്യാർത്ഥികളെല്ലാം നേരിടുന്ന പ്രധാന പ്രശ്നം യാത്ര ക്ലേശമാണ്. പ്രൈവറ്റ് ബസ്സുകളെ ആശ്രയിച്ചാണ് ഇവിടെത്തെ വിദ്യാർത്ഥികൾ സഞ്ചരിക്കുന്നത്. വിദ്യാർത്ഥികളെ ബസ്സുകൾ കയറ്റാതിരിക്കുക, കൺസക്ഷൻ നൽകാതിരിക്കുക എന്നിവ ഇവിടെ സ്ഥിരം സംഭവങ്ങളാണ്. വിദ്യാർഥികൾ കയറാതിരിക്കുന്നതിനായി സ്റ്റോപ്പുകളിൽ നിന്നും മാറിയാണ് മിക്കവാറും ബസ്സുകൾ നിർത്തുന്നത്. വിദ്യാർത്ഥികൾ ഓടിയെത്തുമ്പോൾ ബസുകൾ വിട്ടുപോകും. ഇതു കാരണം പലപ്പോഴും വിദ്യാർത്ഥികൾക്ക് സമയത്ത് ക്ലാസ്സിൽ എത്താനോ തിരിച്ചു വീടുകളിൽ എത്താനോ കഴിയുന്നില്ല.അധ്യയനവർഷം ആരംഭിച്ചു കഴിഞ്ഞാൽ വിദ്യാർഥികളും ജീവനക്കാരും തമ്മിൽ നിരന്തരം സംഘർഷത്തിലാണ്.
ഈ വിഷയങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികൾക്കായി ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും സ്റ്റുഡൻസ് ഒൺലിയുടെ ചെയിൻ സർവീസ് ആരംഭിച്ചാൽ സാധിക്കും. മത്സ്യത്തൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും മക്കൾക്ക് കൃത്യമായ വിദ്യാഭ്യാസം നേടുന്നതിനും സമയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്തിച്ചേരുന്നതിനും ഇത്തരം ഒരു സർവീസ് ആരംഭിച്ചാൽ സാധിക്കും. അങ്ങ് അടിയന്തരമായി ഇടപെട്ട്
തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിലെ വിദ്യാർത്ഥികളുടെ യാത്രപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.