വർക്കലയിൽ വിവിധ ഇടങ്ങളിൽ നിന്നും വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലിസ് പിടിച്ചെടുത്തു. മൂന്ന് ലക്ഷത്തോളം വിപണിയിൽ വിലവരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങൾ ആണ് പിടിച്ചെടുത്തത്. മത്സ്യ വ്യാപാരത്തിന്റെ മറവിൽ പ്രദേശത്ത് എത്തിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രെജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലായി നാല് പേരെ പോലീസ് പിടികൂടി നടപടികൾ സ്വീകരിച്ചു.
വർക്കല സ്വദേശികളായ സിദ്ധിഖ് ഷെമീർ (32), അൻസാരി (42) , ഷാനവാസ് (32) , വാഹിദ് (70) എന്നിവരെയാണ് വർക്കല പോലീസ് പിടികൂടിയത്. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി അമിത ലാഭത്തിനായി വിൽപ്പനയ്ക്ക് എത്തിച്ച നിരോധിത പുകയില ഉല്പനങ്ങളുമായാണ് സിദ്ധിഖ് ഷെമീർ, അൻസാരി, ഷാനവാസ് എന്നിവർ പിടിയിലാകുന്നത്. തുടർന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീടുകളിൽ നടത്തിയ പരിശോധനയിൽ വാഹിദ് ന്റെ വീട്ടിൽ നിന്നും 3 ചാക്ക് നിറയെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഹാൻസ് , കൂൾ, ശംഭു എന്നിവയാണ് പിടിച്ചെടുത്തവയിൽ കൂടുതലും എന്ന് വർക്കല SHO എസ് സനോജ് പറഞ്ഞു. പിടിയിലായ അൻസാരി വർക്കല പാലച്ചിറയിൽ മത്സ്യ വ്യാപാരത്തിന്റെ മറവിലാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്നത്. സ്കൂൾ കോളജ് വിദ്യാർത്ഥികൾ ഇത്തരം കേന്ദ്രങ്ങളിൽ എത്തി നിരോധിത പുകയില ഉൽപ്പന്നങ്ങൾ വാങ്ങി പോകുന്നത് പതിവാണെന്ന് നാട്ടുകാരും പറയുന്നുണ്ട്. പ്രദേശത്തെ ബങ്ക് കടകൾ കേന്ദ്രീകരിച്ചും വ്യാപകമായ വിൽപ്പന നടന്ന് വന്നിരുന്നു. സമീപത്തെ പൊതു കിണറ്റിലാണ് ഇവർ ഈ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതും , വലിയ പാക്കറ്റുകളുടെ കവറുകൾ പൊട്ടിച്ച ശേഷം ഉപേക്ഷിക്കുന്നത് എന്നും എന്ന് പോലീസ് പരിശോധയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ നടപടി കൈക്കൊള്ളാൻ ചെമ്മരുതി പഞ്ചായത്തിന് നിർദ്ദേശം നൽകുമെന്നും പോലീസ് പറഞ്ഞു.
മത്സ്യ വ്യാപാരത്തിന്റെ മറവിൽ പൂവാർ , തമിഴ്നാട് എന്നീവിടങ്ങളിൽ നിന്നും വൻതോതിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇവിടെ വിൽപ്പനയ്ക്ക് എത്തുന്നത്. വർക്കല യിലെ സ്കൂൾ , കോളേജുകൾ കേന്ദ്രീകരിച്ച് വൻതോതിൽ ഇത്തരം ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കാര്യക്ഷമമായ രീതിയിൽ പരിശോധനകൾ ശക്തമാക്കും എന്ന് വർക്കല എസ്. എച്ച്. ഒ എസ് സനോജ് അറിയിച്ചു.