വിതുര : വിതുരയിൽ വീണ്ടും കാട്ടുപോത്തിറങ്ങി. വിതുര ചന്തമുക്ക് ഗോകുൽ എസ്റ്റേറ്റിലാണ് കാട്ടുപോത്തുകൾ കൂട്ടമായി ഇറങ്ങിയത്. വ്യാഴാഴ്ച രാവിലെ റബ്ബർ ടാപ്പിങ്ങിനെത്തിയവരാണ് ഇവയെ കണ്ടത്. കുട്ടി ഉൾപ്പെടെ ആറ് പോത്തുകൾ ഉണ്ടായിരുന്നതായി തൊഴിലാളികൾ പറഞ്ഞു.ബഹളമുണ്ടാക്കി ഓടിക്കാൻ ശ്രമിച്ചെങ്കിലും ഏറെ സമയം ഇവ അവിടെത്തന്നെ നിന്നു. പഞ്ചായത്തിലെ മരുതാമല, മണിതൂക്കി, പൊന്നാംചുണ്ട്, ശാസ്താംകാവ്, പുളിച്ചാമല, കാലങ്കാവ് തുടങ്ങിയ സ്ഥലങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടുപോത്ത് ഭീഷണിയിലാണ്. ആദിവാസി മേഖലകളോടു ചേർന്ന വനപ്രദേശങ്ങളിൽനിന്ന് പ്രധാന പാതയിൽ ഉൾപ്പെടെ കാട്ടുപോത്ത് ഇറങ്ങുന്നതാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്.