കടയ്ക്കാവൂർ: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ ചുള്ളാളം ഗവ ആശുപത്രിക്ക് സമീപം കൂനൻവേങ്ങ മർഹബ വീട്ടിൽ സച്ചിൻ സിയാദ്(29നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നു രാത്രി മണമ്പൂർ പാലാംകോണം ഭാസ്കർ കോളനിയിൽ നസീമയുടെ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി അലമാരയിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളും പാസ്പോർട്ടും മറ്റു രേഖകളും, വീടിന്റെ മുൻ വശത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും മോഷ്ടിച്ച് ഒളിവിൽപോയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണത്തിന് ശേഷം പാലാംകോണത്തിന് അടുത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജേഷ് വി, എസ്ഐമാരായ ദീപു എസ്എസ്, മാഹീൻ, എഎസ്ഐ ശ്രീകുമാർ ബി, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജ്യോതിഷ് വി വി, അനീഷ് ബി എസ്, സുജിൽ, സിയാദ് എഫ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.മോഷണം നടത്തിയ സ്കൂട്ടർ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റു വിലപിടിപ്പുള്ള രേഖകൾ തമ്പാനൂർ കെഎസ്ആർടിസിയുടെ ഡോർമിറ്ററിയിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. പ്രതിക്കെതിരെ വെഞ്ഞാറമൂട് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. പ്രതിയോടൊപ്പം ഉണ്ടായിരുന്നവരെയും ഒളിവിൽ താമസിക്കാൻ സഹായിച്ചവരെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു