കഠിനംകുളം : പൊലീസ് പട്രോളിംഗിനിടെ അവിചാരിതമായി രണ്ടുപേർ മതിൽ ചാടി കടക്കുന്നത് കണ്ടതാണ് കഠിനംകുളത്ത് കോൺവെന്‍റ് മതിൽ ചാടിക്കടന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഠിപ്പിച്ച കേസ് വെളിച്ചത്തുവന്നത്. മതിൽചാടി കടന്ന രണ്ടുപേരെ പൊലീസ് പിന്നാലെ പാഞ്ഞ് പിടികൂടിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പിടിയിലായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂട്ടാളികളായ രണ്ടുപേർ കൂടി പിടിയിലായി. നാലുപേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വലിയതുറ സ്വദേശികളായ 23 കാരൻ മേഴ്‌സണ്‍, 26 കാരനും വിവാഹിതനുമായ രഞ്ജിത്ത്, 21 കാരൻ അരുണ്‍, 20 വയസ്സുള ഡാനിയൽ എന്നിവരാണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്
മൂന്നു മാസം മുമ്പാണ് കഠിനംകുളത്ത് കന്യാസ്ത്രീകളാകാൻ കോണ്‍വെൻറിൽ മൂന്നു പെണ്‍ കുട്ടികള്‍ പഠിക്കാനെത്തുന്നത്. ഇതിൽ ഒരു കുട്ടിക്ക് വലിയതുറ സ്വദേശിയായ മേഴ്സണനുമായി നേരത്തെ അടുപ്പുണ്ടായിരുന്നു. ഈ അടുപ്പം മുതലാക്കി രാത്രിയിൽ ഇയാള്‍ കോണ്‍വെന്‍റിൽ പെണ്‍കുട്ടിയെ കാണാൻ വരുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷം കൂട്ടുകാരുമായി രാത്രിയിൽ കോണ്‍വെന്‍റിലെത്തി. അന്തേവാസികളായ മൂന്നു കുട്ടികളെയും നാലുപേർ ചേർന്ന് പീഡിപ്പിച്ചു.
ഇന്നലെ പെണ്‍കുട്ടികളെ കാണാൻവന്ന രണ്ടുപേരുടെ ബൈക്കും ചെരുപ്പും പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ പൊലീസ് സ്ഥലം പരിശോധിക്കുന്നതിനിടെ പ്രതികൾ മതിൽ ചാടിയെത്തിയത് പൊലീസിന്‍റെ മുന്നിൽ. ചോദ്യം ചെയ്തപ്പോഴാണ് പീഡനകാര്യം രണ്ടുപേരും പറയുന്നത്. തുടർന്ന് ഇവരുടെ സുഹൃത്തുക്കളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം നൽകിയാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. പ്രതികളെ റിമാൻഡ് ചെയ്തു. കൃത്യത്തിൽ കൂടുതൽ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.