സംസ്ഥാനത്ത് പൊതുജനങ്ങളുടെ കായികക്ഷമത ഉയര്‍ത്തുന്നതിനും മാനസികവും ആരോഗ്യപരവുമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനും പഞ്ചായത്തുകള്‍ തോറും സ്പോര്‍ട്സ് കൗണ്‍സിലുകള്‍ വ്യാപിപ്പിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ. കായിക അധിഷ്ഠിത കോഴ്സുകള്‍ പാഠ്യവിഷയമാക്കുകയും തൊഴില്‍ സാധ്യത ഉറപ്പുവരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന്റെ ഉദ്ഘാടനം നിര് വഹിക്കുകയായിരുന്നു മന്ത്രി. ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നവീകരിച്ച സ്റ്റേഡിയം മന്ത്രി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. എട്ട് കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് നവീകരിച്ചത്. എം.എൽ.എ ഒ.എസ് അംബിക അധ്യക്ഷയായിരുന്നു. അടൂര്‍ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തി.
സ്റ്റേഡിയങ്ങള്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നും അവര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മാണ ഘട്ടങ്ങളിലുള്ളള്പ്പടെ സ്ഥലം എം.എല്‍.എയായ ഒ.എസ് അംബിക നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ആറ്റിങ്ങലിലെ ജനങ്ങള്‍ ആഗ്രഹിച്ചതുപോലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിച്ച് നല്കാനായതില് സന്തോഷമുണ്ടെന്ന് ഒ.എസ് അംബിക പറഞ്ഞു. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഉടമസ്ഥതതിയിലുള്ളതാണ് ശ്രീപാദം സ്റ്റേഡിയം. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ എസ്. കുമാരി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, കായിക യുവജനകാര്യാലയം ഡയറക്ടര്‍ പ്രേംകൃഷ്ണന്‍ ഐഎഎസ്, കായിക പ്രേമികള്‍, നാട്ടുകാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു