അഴൂർ: അഴൂർ ശാസ്തവട്ടം കിഴക്കേമുക്ക് ഗുരുക്ഷേത്രം ജംഗ്‌ഷനിലെ പൊട്ടിയ പൈപ്പ് നന്നാക്കാനായി എടുത്ത കുഴിയാണ് അപകടക്കെണിയാകുന്നത്. പൈപ്പ് നന്നാക്കാനായി രണ്ടു മാസത്തിലേറെയായി കുഴിയെടുത്തിട്ട്. കുഴിയെടുത്തെങ്കിലും പൈപ്പ് നന്നാക്കിയില്ല. ശാസ്തവട്ടം അഴൂർ റോഡിൽ ചെമ്പകമംഗലം കോട്ടറക്കരി റോഡ് സന്ധിക്കുന്ന ജംഗ്‌ഷനാണിത്. ഈ ജംഗ്‌ഷനിൽ ഗുരുദേവ ക്ഷേത്രം, എസ്.എൻ.ഡി.പി യോഗം ശാസ്തവട്ടം ശാഖാ ഓഫീസ്, അംഗൻവാടി, ഹോട്ടൽ മുതലായവ സ്ഥിതി ചെയ്യുന്നുണ്ട്.
പാഴാകുന്ന വെള്ളം ഓടയിൽ കെട്ടിനിൽക്കുന്നതിനാൽ രൂക്ഷ ഗന്ധം വമിക്കുകയാണ്. ഈ റോഡ് സൈഡിലായി ചായക്കട പ്രവർത്തിക്കുന്നുണ്ട്. ഓടയിലെ ദുർഗന്ധം കാരണം ചായക്കടക്കാർക്കും കടയിൽ വരുന്നവർക്കും വലിയ പ്രശ്നമായി തീർന്നിരിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് കോടിക്കണക്കിനു രൂപ ചിലവഴിച്ച് റോഡ് പുനർനിർമ്മിച്ചെങ്കിലും ഓട വ്യത്തിയാക്കിയിരുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വളവിനോട് ചേർന്നാണ് പൈപ്പ് നന്നാക്കാനായി എടുത്ത കുഴിയുള്ളതിനാൽ രാത്രിയിൽ ഇവിടെ അപകടം ഉറപ്പാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.