വെമ്പായം: വട്ടപ്പാറയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കളെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശിനി സുശീല (65) എന്ന വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലാണ് അയൽവാസികളായ യുവാക്കളെ അറസ്റ്റ് ചെയ്തത്.
വട്ടപ്പാറ പന്നിയോട് പഞ്ചമിക്ഷേത്രത്തിനുസമീപം സജനഭവനില്‍ എസ്.സാജന് (കണ്ണന്-25), വട്ടപ്പാറ പഞ്ചമിക്ഷേത്രത്തിനു സമീപം എം.സി.നിവാസില്‍ സി.സന്ദീപ് (ചങ്കരന്-19) എന്നിവരാണ് അറസ്റ്റിലായത്.
പോലീസ് പറയുന്നത് –
2019 ഏപ്രില്‍ ആറിന് നടന്ന കൊലപാതകം 3 ദിവസം കഴിഞ്ഞാണ് പുറത്തറിഞ്ഞത്. വീടിനോട് ചേര്‍ന്ന് കട നടത്തിയിരുന്ന സുശീലയ്ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ഇടപാടുകളുമുണ്ടായിരുന്നു. എല്ലാ ദിവസവും രാത്രി 7.30ഓടെ കട അടയ്ക്കുകയാണ് പതിവ്. അതിനു ശേഷം പരിചയമുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കും വീട്ടില്‍ പ്രവേശിക്കാന്‍ കഴിയില്ലത്രെ.
സുശീലയുടെ മരണം പോലീസ് അറിയുന്നതിനു മുൻപ് നാട്ടുകാരില്‍ ചിലര്‍ അറിഞ്ഞിരുന്നതായി വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. രണ്ടാംപ്രതിയായ സന്ദീപിനെ ചോദ്യം ചെയ്തതോടെ സാജന്റെ പങ്കും വ്യക്തമായി. ലഹരിക്കടിമകളായ പ്രതികള്‍ ആഡംബരജീവിതം നയിക്കാന്‍ പണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയത്. സാജന് സുശീലയില്‍ നിന്ന് 20,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെചോദിച്ചതിന് സാജനും സുശീലയും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്. സന്ദീപ് സുശീലയുടെ കടയില്‍ നിന്ന് സാധനംവാങ്ങിയ വകയില്‍ പണം കൊടുക്കാനുണ്ടായിരുന്നു. ഇത് ചോദിച്ചതിലുളള വിരോധത്തില്‍ ഇയാള്‍ സുശീലയുടെ വീടിന്റെ ജനാലച്ചില്ല് എറിഞ്ഞ് തകര്‍ത്തിരുന്നു.
ഏപ്രില്‍ ആറിന് രാത്രി 9.30-ഓടെ പ്രതികള്‍ സുശീലയുടെ കടയിലെത്തി ജീരകസോഡ ആവശ്യപ്പെട്ടു. സോഡ എടുക്കാനായി വീടിനകത്തേയ്ക്കു പോകുമ്പോള്‍ പിന്നാലേചെന്ന പ്രതികള്‍ സുശീലയുടെ വായ് പൊത്തിപ്പിടിച്ചും കഴുത്ത് ഞെരിച്ചും ബോധം കെടുത്തിയശേഷം സാരി കഴുത്തില്‍ച്ചുറ്റി ഇരുവരും രണ്ടറ്റത്തുനിന്ന് വലിച്ച് മുറുക്കി മരണം ഉറപ്പാക്കി. തുടര്‍ന്ന് മൃതദേഹത്തിനുചുറ്റും മുളകുപൊടി വിതറിയശേഷം 9 പവന് സ്വര്‍ണാഭരണങ്ങളും 30,000 രൂപയും എടുത്തുകൊണ്ട് രക്ഷപ്പെട്ടു. സുശീലയുടെ വീട്ടില്‍നിന്നെടുത്ത ആഭരണങ്ങള്‍ വിറ്റ് കിട്ടിയ പണംകൊണ്ട് ഒന്നാംപ്രതി ആഡംബരബൈക്ക് വാങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം റൂറല്‍ ജില്ലാപോലീസ് മേധാവി ബി.അശോകന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. ഫെയ്മസ് വര്‍ഗ്ഗീസ്, വട്ടപ്പാറ സി.ഐ.ബിജുലാല്‍, പോത്തന്‍കോട് സി.ഐ. ദേവരാജന്‍, വട്ടപ്പാറ എസ്.ഐ.ലിബി, എസ്.ഐ.മാരായ നിസാം, ശശിധരന്, മധുസൂദനന്, മോഹനന്, എ.എസ്.ഐ.മാരായ വിനോദ്, ബിജു, ഫിറോസ്ഖാന്, എസ്.സി.പി.ഒ.മാരായ വിജയന്, മനു, റിയാസ്, ബിജുകുമാര്‍, ദിലീപ്, സി.പി.ഒ.മാരായ ജ്യോതിഷ്, മനോജ്, അനില്‍, ബൈജു, ഷംനാദ്, അല്ബിന് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.