പശ്ചാത്തല ഭൗതിക സാഹചര്യങ്ങളിൽ ഉറിയാക്കോട് ഗവ: എല്‍ പി എസ്സ് ഒരു പടി മുന്നിലേക്ക്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021- 22 പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി അരുവിക്കര മണ്ഡലത്തിലെ പൊതുവിദ്യാലങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്ന് എം. എല്‍. എ പറഞ്ഞു. മണ്ഡലത്തില്‍ വിവിധ പദ്ധതികളിലായി 19 സ്‌കൂളുകളുടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുകയാണ്. പൊതുവിദ്യാലയങ്ങളുടെ ശോച്യാവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ ആധാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1911 ല്‍ കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച സ്‌കൂളിനെ 1962 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. എല്‍ പി, നഴ്‌സറി വിഭാഗങ്ങളിലായി 138 കുട്ടികളാണ് ഉറിയാക്കോട് എല്‍പിഎസ്സില്‍ പഠിക്കുന്നത്. ഇരു നിലകളിലായി 369.60 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പണിയുന്ന കെട്ടിടത്തില്‍, ആറ് ക്ലാസ്സ് മുറികള്‍ക്ക് പുറമെ ശുചിമുറികളടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. അരുവിക്കര മണ്ഡലത്തിലെ ആറ് സ്‌കൂളുകളെയാണ് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നാലും തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ രണ്ട് സ്‌കൂളുകള്‍ക്കുമാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.