വർക്കല : വർക്കല ശ്രീനിവാസപുരത്ത് ഒരു ദിവസം മുഴുവൻ കിണറ്റിനുള്ളിൽ തുങ്ങി കിടന്ന യുവാവിനെ ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. വർക്കല എം ജി കോളനി സ്വദേശി മനോജ് ആണ് ശ്രീനിവാസപുരം ശാന്തിഗിരി ക്ഷേത്രത്തിനു സമീപം ശിൽപ നിവാസിൽ മണിലാലിൻറെ ഉദ്ദേശം 60 അടി താഴ്ചയുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണർ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ അകപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. പണിക്ക് പോയ മനോജിനെ കാണാതായതോടെ വീട്ടുകാർ വർക്കല പോലീസിൽ പരാതി നൽകികുകയായിരുന്നു. ഇന്ന് രാവിലെ മനോജിന്റെ ബന്ധുക്കളും വീട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിലാണ് കിണറ്റിനുള്ളിൽ നിന്നും മനോജിന്റെ ശബ്ദം കേൾക്കുന്നത്. കിണറ്റിലേക്ക് വഴുതി വീണ മനോജ് ആൾമറയുള്ള കിണറ്റിൽ ഉള്ള മോട്ടോർ പമ്പിന്റെ കയറിൽ തുങ്ങി കിടക്കുകയായിരുന്നു. ഇയാൾ ഉച്ചത്തിൽ നിലവിളിച്ചുവെങ്കിലും അടുത്തെങ്ങും ആരും ഇല്ലാത്തതിനാൽ കിണറ്റിൽ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു.
ഇന്ന് രാവിലെ 7 : 45 ന് വർക്കല ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകുകയും ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ആശുപത്രിയിൽ നിന്നും വിട്ടയച്ചു.
സ്റ്റേഷൻ ഓഫീസർ അരുൺ മോഹന്റെ നേതൃത്വത്തിൽ ഗ്രേഡ് എഎസ്ടിഒ മുകുന്ദൻ ആർ.കെ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ബി ദിനേശ്, വിപിൻ എസ്, ഷൈൻ ആർഎസ്, വിനീഷ് കുമാർ, ജ്യോതിഷ് കുമാർ, നാജിo, എസ് വിജയൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് മനോജിനെ രക്ഷപ്പെടുത്തിയത്