ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വദേശിനി ആശ സതീഷ് ഒരു വർഷമായി ഒമാനിൽ കുടുങ്ങി കിടക്കുന്നു എന്ന വിവരം ആറ്റിങ്ങൽ വാർത്താ ഡോട്ട് കോം പുറംലോകത്തെ അറിയിച്ചതോടെ ആശയെ സഹായിക്കാൻ നോർക്കയുടെ നിർദേശപ്രകാരം ലോക കേരള സഭയും ഇടപെടൽ നടത്തുന്നു. ആശ സതീഷ് എവിടെ ആണെന്ന് കണ്ടെത്താൻ കഴിഞ്ഞതായി ലോക കേരള സഭ ഒമാൻ മെമ്പർ തയ്യിൽ ഹബീബ് ആറ്റിങ്ങൽ വാർത്താ ഡോട്ട് കോമിനെ അറിയിച്ചു. തുടർന്ന് ആശയുടെ ജോലി സ്ഥലത്തെ വിവരങ്ങൾ പഠിച്ച ശേഷം വേണ്ട രീതിയിൽ മുന്നോട്ട് പോകാമെന്നും അദ്ദേഹം അറിയിച്ചു. ആറ്റിങ്ങൽ വാർത്താ ഡോട്ട് കോം നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ട നോർക്ക സിഇഒ ആണ് ലോക കേരള സഭ ഒമാൻ മെമ്പർ തയ്യിൽ ഹബീബിന് നിർദേശം നൽകിയത്.
തിരുവനന്തപുരം സ്വദേശി ഗിരി എന്ന ഏജന്റ് തരപ്പെടുത്തി നൽകിയ വിസയിൽ ഒരു വർഷം മുൻപ് പോയ ആശ നാട് എത്താനും കഴിയുന്നില്ല, മാസങ്ങളായി ശമ്പളവും കിട്ടുന്നില്ലെന്ന അവസ്ഥയിലാണ്.
ആറ്റിങ്ങൽ 16ആം മൈൽ കുടവൂരിൽ വേങ്ങോട്, കായിക്കൽ, പുത്തൻവീട്ടിൽ തെക്കേക്കര ആശ സതീഷ് ആണ് കുടുങ്ങിയത്. ആശയ്ക്ക് നാട്ടിൽ രോഗിയായ അമ്മയും അച്ഛനും 3 മക്കളും ഉണ്ട്. രണ്ടു മാസത്തിലേറെയായി ആശയുടെ വീട് പട്ടിണിയിലാണെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. ആശയ്ക്ക് വേണ്ടിയുള്ള ഈ പുതിയ ഇടപെടലുകൾ പ്രതീക്ഷ നൽകുന്നു. എത്രയും വേഗം ആശയെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതായി തയ്യിൽ ഹബീബ് അറിയിച്ചു.
https://attingalvartha.com/2019/06/agent-cheated-attingal-asha-at-oman/