ചിറയിൻകീഴ്: ശാർക്കര-മഞ്ചാടിമൂട് ബൈപ്പാസിലെ ശാർക്കര റെയിൽവേ ഗേറ്റ് ജങ്ഷനിൽ ഡിവൈഡറും വെയിറ്റിങ് ഷെഡ്ഡും വേണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നുറോഡുകളുടെ സംഗമസ്ഥാനമായ ഇവിടെ അപകടസാധ്യതയേറുകയാണ്.
ശാർക്കര റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ നീളുന്ന വാഹനങ്ങളുടെ നിര കാരണം ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വെയിറ്റിങ് ഷെഡ് ഇല്ലാത്തതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് നടപ്പാതയും വെയിറ്റിങ് ഷെഡ്ഡും നിർമിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
ബസ് കാത്തുനിൽക്കുന്ന സ്ഥലത്ത് തണൽമരങ്ങൾ പോലും ഇല്ല. കണിയാപുരം, മുരുക്കുംപുഴ, അഴൂർ, പെരുമാതുറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ഉത്സവകാലം ആയതോടെ തിരക്കേറിയിട്ടുമുണ്ട്.