വർക്കല; വർക്കല പുന്നമൂട് കേന്ദ്രീകരിച്ച് സ്കൂൾ കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിറ്റുവന്ന ബേക്കറി ഉടമ അറസ്റ്റിൽ. വർക്കല നടയറ മുസ്ലീം പള്ളിക്ക് സമീപം പുല്ലാന്നിക്കോട് സജിനി വീട്ടിൽ സജീവ് (54) ആണ് അറസ്റ്റിലായത്. വർക്കല പുന്നമൂട് ജംഗ്ഷനു സമീപം ഹാഷിം ബേക്കറിയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. കേരളാ പോലീസിന്റെ ലഹരി വിരുദ്ധ ക്യാoപയിനായ യോദ്ധാവിന്റെ ഭാഗമായി സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ സ്റ്റുഡന്റ് ഫ്രണ്ട്ലി പ്രോഗ്രാമാണ് പുകയില ഉത്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങളിലേയ്ക്ക് പോലീസിനെ നയിച്ചത്. പുന്നമൂട്ടിലുളള ഹാഷിം ബേക്കറിയിൽ നിന്നും സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കറി കുറച്ച് ദിവസങ്ങളായി വർക്കല പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഒരു സ്കൂൾ കുട്ടി എന്തോ രഹസ്യമായി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് കടമുറി പരിശോധിച്ചതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു. നിരോധിത പാൻ ഉത്പന്നങ്ങളായ ശംഭു, കൂൾ എന്നിവ വൻതോതിൽ സംഭരിച്ച് സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു സജീവിന്റെ പ്രവർത്തനം . മുൻപും നിരോധിത ലഹരി ഉത്പന്നങ്ങൾ വിറ്റതിന് പ്രതി അറസ്റ്റിലായിട്ടുണ്ട്. സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി ലഹരി വിരുദ്ധ പരിപാടിയായ യോദ്ധാവിന്റെ ഭാഗമായി ക്യാംപയിൻ നടത്തിവരവേയാണ് ഇയാൾ അറസ്റ്റിലായത്. പ്രതിയ്ക്ക് വർക്കലയിലെ ലഹരി മാഫിയകളുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. വർക്കല ഡിവൈഎസ്പി. നിയാസിന്റെ നിർദ്ദേശാനുസരണം വർക്കല എസ്എച്ച്ഒ സനോജ്.എസ്, സബ്ബ് ഇൻസ്പെക്ടർ രാഹൽ പി. ആർ, സബ്ബ് ഇൻസ്പെക്ടർ ശരത്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, ഷാനവാസ്, എസ്. സി. പി. ഒ മാരായ ഷിബു, ഷിജു, വിനോദ് സിപിഒ മാരായ സുധിൻ, റാം ക്രിസ്റ്റിൻ, സുജിത്ത്, ഹരികൃഷ്ണ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
