പളളിക്കൽ: വ്യാജവാറ്റ് നടത്തിയതിന് മടവൂർ കക്കോട് കോട്ടറ അപ്പുപ്പൻകാവിൽ ലൗ ഡ്രീംസ് വീട്ടിൽ താമസിക്കുന്ന ഷിബുവിനെ ( 39) പളളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ താമസിച്ചിരുന്ന വീട്ടിന്റെ പുറകുവശത്ത് നിന്നും 70 ലിറ്റർ കോടയും 500 എംഎൽ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. അയിരൂർ വില്ലേജിൽ ഹരിഹരപുരം എ.പി. വില്ലയിൽ നിന്നുമാണ് ഇയാൾ മടവൂർ കക്കോട് വിവാഹം കഴിച്ച് താമസമാക്കിയത്. കഞ്ചാവുമായി മാസങ്ങൾക്ക് മുമ്പ് രണ്ട് പേരെ ഷാഡോ പോലീസ് പള്ളിക്കലിൽ പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് വ്യാജവാറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയായ ഷിബു മാസങ്ങളായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു.
തിരുവനന്തപുരം റൂറൽജില്ലാ പോലീസ് മേധാവി ബി.അശോകൻ ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ഫേമസ് വർഗീസ് ,പളളിക്കൽ പോലിസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ ഡി.മിഥുൻ എന്നിവരുടെ നേത്യത്വത്തിൽ സബ് ഇൻസ്പെക്ടർ പി. അനിൽകുമാർ , അന്വേഷണ സംഘത്തിലെ ഉദയകുമാർ, സുനിൽ കുമാർ, സജീവ്, ശ്രീരാജ്, എന്നിവർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.