കല്ലമ്പലം : കല്ലമ്പലം ടൗണിന്റെ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമായി. 2017 ഡിസംബറിൽ 13 ലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. കല്ലമ്പലം ദേശീയപാത ഉൾപ്പെടെ പ്രധാന റോഡുകളെല്ലാം ക്യാമറയുടെ നിരീക്ഷണത്തിലായിരുന്നു. 5 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ദൃശ്യങ്ങൾ പകർത്തുന്നതിനായി 30 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. ദേശീയപാതയിൽ കടുവാപ്പള്ളി മുതൽ കല്ലമ്പലം വരെയും മാവിൻമൂട്, തട്ടുപാലം,പുല്ലൂർമുക്ക് ജംഗ്ഷൻ എന്നിവിടങ്ങളിലുമാണ് ക്യാമറകൾ സ്ഥാപിച്ചത്. നിലവിൽ ക്യാമറകളിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും തടയുന്നതിനായാണ് ക്യാമറകൾ സ്ഥാപിച്ചത്. പൗരസമിതി, വ്യാപാരി വ്യവസായി സമിതി, റസിഡൻസ് അസോസിയേഷനുകൾ ഓട്ടോ ടാക്സി ഡ്രൈവർമാർ ,വിവിധ തൊഴിലാളി യൂണിയൻ എന്നിവർ ചേർന്നാണ് ക്യാമറ സ്ഥാപിച്ചത്. കല്ലമ്പലം വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ടരലക്ഷം രൂപ ക്യാമറകൾ സ്ഥാപിക്കുന്നതിനായി നൽകി. ബാക്കി തുക പൗരസമിതിയുടെ പിരിവിലൂടെയാണ് കണ്ടെത്തിയത് . ക്യാമറകളുടെ പ്രവർത്തനം തുടങ്ങിയതോടെ കല്ലമ്പലം സ്റ്റേഷനിലെ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കാൻ സാധിച്ചിരുന്നു. ക്യാമറകൾ വെബ്സൈറ്റിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന രീതിയിൽ ആയിരുന്നു. ക്യാമറകളുടെ മറ്റു പ്രവർത്തനങ്ങൾ നടത്തേണ്ട ചുമതല പൗരസമിതിക്കായിരുന്നു. ക്യാമറകളുടെ വൈദ്യുതി കണക്ഷൻ സ്വകാര്യ വ്യക്തികളുടെ കടയിൽ നിന്നുമായിരുന്നു എടുത്തിരുന്നത്. കെഎസ്ഇബിയുടെ ബിൽ തുക ഭീമമായതിനാൽ പലരും കണക്ഷൻ വിച്ഛേദിക്കാൻ നിർബന്ധിതരായി. തുടർന്നാണ് ക്യാമറകളുടെ പ്രവർത്തനം നിലച്ചത്. മൂന്നുവർഷം മാത്രമാണ് ക്യാമറകൾ പ്രവർത്തിച്ചത്. പ്രവർത്തിപ്പിക്കാനുള്ള ഉത്തരവാദിത്വം ആരും ഏറ്റെടുക്കാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. കല്ലമ്പലം മേഖലയിൽ റോഡപകടങ്ങൾ അടുത്തായി വർധിച്ചിരുന്നു. പൊതു സ്ഥലത്തെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും കുറവില്ല. നിരീക്ഷണ ക്യാമറകൾ ഉണ്ടായിട്ടും പ്രവർത്തിക്കാത്തതാണ് ഇതെല്ലാം വർധിക്കുന്നതിന് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.