ആറ്റിങ്ങൽ : സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അപകടം സൃഷ്ടിക്കുന്ന സംഭവങ്ങൾക്ക് അറുതി വരുത്താൻ കടുത്ത പരിശോധനകൾ തുടരുമ്പോഴും സ്വകാര്യ ബസുകളുടെ മരണക്കളി തുടരുന്നു. ബസ്സിലെ യാത്രക്കാരുടെയും പൊതു നിരത്തിൽ ഓടുന്ന മറ്റു വാഹന യാത്രക്കാരുടെയും ജീവൻ വെച്ചാണ് മരണക്കളി നടത്തുന്നത്. ഇന്ന് രാവിലെ പത്തര മണിയോടെ ആറ്റിങ്ങൽ ഗേൾസ് സ്കൂൾ ജംഗ്ഷനു സമീപം അമിത വേഗതയിൽ യാത്രക്കാരുമായി എത്തിയ ചിത്തിര എന്ന സ്വകാര്യ ബസ് പിക്കപ് വാനിനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ വാൻ ഡ്രൈവർക്ക് പരിക്കേറ്റു. ചിറയിൻകീഴ് ഭാഗത്തുനിന്നും യാത്രക്കാരുമായി അമിതവേഗത്തിലെത്തിയ ബസ് മുന്നിൽ പോവുകയായിരുന്ന മിനി പിക്കപ്പ് വാനിൽ ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുൻഭാഗത്തെ ചില്ലു പൂർണമായും തകർന്നു. ഈ പ്രദേശത്ത് സ്വകാര്യബസ്സുകൾ അമിതവേഗതയിലാണ് പോകുന്നതെന്നും ഇന്ന് അപകടം ഉണ്ടാക്കിയ ബസ്സിന്റെ ടയറുകൾ ഉൾപ്പെടെ ഫിറ്റ്നസ് പരിശോധിക്കണമെന്നും പ്രധാന ജംഗ്ഷനുകളിലും സ്കൂളിന് സമീപത്തും ഇത്തരത്തിൽ ചീറിപ്പാഞ്ഞു പോകുന്നത് തടയണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.