വയോജന പരിപാലന രംഗത്തെ മികവിന് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ മറ്റൊരു മുന്നേറ്റം കൂടി. വയോജനങ്ങളുടെ വീടുകളിലെത്തി ജീവിതശൈലീരോഗ നിര്‍ണ്ണയവും മരുന്ന് വിതരണവും നടത്തുന്ന പദ്ധതിക്ക് തുടക്കമായി. മാണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര് അനില്‍ നിര്‍വഹിച്ചു. മാണിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ 7250 വയോജനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ആവശ്യമായ മരുന്നുകള്‍ അവരുടെ വീടുകളില്‍ എത്തിച്ച് നല്‍കും. വയോജനങ്ങളുടെ വീടുകളിലെത്തി നടത്തുന്ന ജീവിതശൈലീരോഗ പരിശോധനകള്‍ ഇതിനോടകം ആശ വര്‍ക്കര്‍മാര്‍ ആരംഭിച്ചിട്ടുണ്ട്. വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാണ് ഗ്രാമപഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്.