പുളിമാത്ത് : കടലുകാണിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ കടലാസിൽ ഒതുങ്ങുന്നതായി പരാതി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വികസനത്തിനും, നടത്തിപ്പിനുമായി നിർവഹണ ഏജൻസിയെ നിശ്ചയിക്കാൻ ധാരണയായിരുന്നു. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ നിരവധി തവണ സ്ഥലം സന്ദർശിച്ചതല്ലാതെ നാളിതുവരെയായിട്ടും ഒരു പ്രവർത്തനവും ആരംഭിച്ചിട്ടില്ല.
തിരുവനന്തപുരം കോട്ടയം സംസ്ഥാനപാതയിൽ നിന്നും 5 കിലോമീറ്റർ മാറി പുളിമാത്ത് ഗ്രാമപഞ്ചായത്തിലാണ് കടലുകാണിപ്പാറ സ്ഥിതി ചെയ്യുന്നത്.കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബി കടലിനും ആഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത 6 കൂറ്റൻപാറകൾ ചേർന്നതാണ് കടലുകാണിപ്പാറ. ഇവിടെ നിന്നാൽ അറബിക്കടലിനെയും അതിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരവും കാണാൻ കഴിയും. കടലുകാണിപ്പാറയുടെ സൗന്ദര്യമാസ്വദിക്കാൻ നിരവധി പേരാണ് ഇവിടെ എത്തിയിരുന്നത്. ഐതിഹ്യവും, വിനോദവും, സാഹസികതയും, ഒത്തുചേർന്ന് വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യകളുമായി സ്ഥിതി ചെയ്തിരുന്ന കടലുകാണിപ്പാറക്ക് അർഹിച്ച പരിഗണന കിട്ടിയിരുന്നില്ല.നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് കടലുകാണി പാറയെ ടൂറിസം വകുപ്പ് ഏറ്റെടുത്ത് ടൂറിസം മേഖലയായി പ്രഖ്യാപിച്ചത്. ടൂറിസം വികസനത്തിന്റെ ഒന്നാം ഘട്ടമായി പാറക്ക് ചുറ്റും സംരക്ഷണവേലികളും ലൈറ്റും , വ്യൂ പോയിന്റും സ്ഥാപിച്ചു. തുടർന്ന് പ്രദേശത്തെ ടൂറിസത്തിന്റെ സാധ്യതകൾ കൂടുതൽ പ്രയോജന പെടുത്താനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുമായി, ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ഒരുകോടി 87 ലക്ഷം രൂപയും അനുവദിച്ചു.
രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങും എത്തിയില്ല എന്ന് മാത്രമല്ല, ഒന്നാംഘട്ടത്തിൽ ലക്ഷങ്ങൾ മുടക്കി പദ്ധതികൾ നടപ്പാക്കിയിരുന്നുവെങ്കിലും അശാസ്ത്രീയമായ നിർമ്മാണം കാരണം പലതും നശിച്ചു. പ്രദേശം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
മലയോര മേഖലയുടെ വികസന കുതിപ്പിന് കൂടി വഴി വയ്ക്കാവുന്ന കടലുകാണിപാറ ടൂറിസം പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.