കല്ലമ്പലം: കല്ലമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നാവായിക്കുളം പുന്നോട് ദാറുൽഹുദ മൻസിലിൽ അനീസബീവി , മകൾ ജസീന എന്നിവരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം. വർക്കലയിൽ നിന്ന് കല്ലമ്പലം പുല്ലൂർമുക്ക് റോഡിലേക്ക് കയറാനായി ജംഗ്ഷനിൽ എത്തുന്നതിന് തൊട്ടു മുൻപാണ് സംഭവം. ജസീനയാണ് കാർ ഓടിച്ചിരുന്നത്. കാറിന് പുറക് വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ചുമട്ട് തൊഴിലാളികളാണ് ഇവർക്ക് അപകടവിവരം നൽകിയത്. ഉടൻ തന്നെ യാത്രക്കാർ പുറത്തിറങ്ങി . അപ്പോഴേക്കും തീ പടർന്നു പിടിച്ചിരുന്നു. ചുമട്ടു തൊഴിലാളികൾ സമയോചിതമായി ഇടപെട്ട് വെള്ളം ഒഴിച്ചതോടെ വലിയ തീപിടുത്തം ഉണ്ടായില്ല. തുടർന്ന് എത്തിയ കല്ലമ്പലം ഫയർഫോഴ്സും പൊലീസും ചേർന്ന് തുടർ നടപടികൾ സ്വീകരിച്ചു .
