കിളിമാനൂർ ഗവൺമെന്റ് എച്ച്.എസ്.എസിൽ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. സീനിയർ വിഭാഗം കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ കിളിമാനൂർ സി. ഐ സനൂജ്. എസ് സല്യൂട്ട് സ്വീകരിച്ചു. പരിശീലനം പൂർത്തിയാക്കിയ 44 വിദ്യാർത്ഥികൾ രണ്ട് പ്ലാറ്റുണുകളിലായി പരേഡിന് അണിനിരന്നു. സ്കൂൾ മൈതാനത്ത് നടന്ന ചടങ്ങ് കാണാൻ രക്ഷിതാക്കളും കുട്ടികളുമടക്കം നിരവധിയാളുകൾ എത്തി.
കിളിമാനൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജി. രാജേന്ദ്രൻ, വനിതാ സിവിൽ പോലീസ് ഓഫീസർ ബി. ഐ.ശ്രീക്കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജി. ജി.ഗിരി കൃഷ്ണൻ, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ്, പോലീസ് ഉദ്യോഗസ്ഥർ അധ്യാപകർ ജനപ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.