ആറ്റിങ്ങൽ: ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡ് ഇരുട്ടിലാണ്. കെഎസ്ഇബി ബസ് സ്റ്റാൻഡിലെ ഫ്യൂസ് ഊരിയതോടെ വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ നിരവധി യാത്രക്കാർ എത്തുന്ന ബസ് സ്റ്റാൻഡ് ഇപ്പോൾ ഇരുട്ടിന്റെ ഭീതിയിലാണ്. കുടിശിക പണം ഒടുക്കാത്തതിനാലാണ് ഇന്ന് രാവിലെ 11 മണിയോടെ ബസ് സ്റ്റാൻഡിലെ ഫ്യൂസ് ഊരിയതെന്നാണ് റിപ്പോർട്ട്. നഗരസഭ കാര്യാലയത്തിന് തൊട്ടടുത്ത് നഗരഹൃദയത്തിൽ വളരെ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിക്കുന്ന ബസ് സ്റ്റാൻഡ് ഇരുട്ടിലായതോടെ സ്ത്രീകളും കുട്ടികളും പ്രായമാവരും ഉൾപ്പെടെ ബസ് സ്റ്റാൻഡിൽ എത്തുന്നവർ ഭീതിയിലാണ്. പകൽ വെളിച്ചത്ത് പോലും നിന്ന് തിരിയാൻ സ്ഥലമില്ലാത്ത ബസ് സ്റ്റാൻഡിൽ പലപ്പോഴും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആ ഒരു സാഹചര്യത്തിൽ പല സ്ഥാപനങ്ങളിൽ നിന്ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ബസ് സ്റ്റാൻഡിൽ എത്തുന്നവരുടെ ജീവനും ഭീതിയിലാണ്. സാമൂഹിക വിരുദ്ധ ശല്യവും ലഹരി ഉപയോഗിച്ച് എത്തുന്ന ആക്രമികളെയും ഭയന്ന് ബസ് സ്റ്റാൻഡിൽ ഇരുട്ടിൽ നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. വൈദ്യുതി കുടിശ്ശിക അടയ്ക്കാതെ അടിസ്ഥാന സൗകര്യം നിഷേധിച്ചു യാത്രക്കാരെ ഇരുട്ടിലാക്കിയവർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. കാരണം ഈ ഇരുട്ടിൽ യാത്രക്കാരിൽ ആർക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം കുടിശ്ശിക ഒടുക്കാത്തവർക്ക് തന്നെയാണ്. അക്രമങ്ങളും അപകടങ്ങളുമില്ലാതെ രാവ് പകലാവാൻ കാത്തിരിക്കുകയാണ് ആറ്റിങ്ങൽ നഗരം.
https://attingalvartha.com/2022/11/attingal-private-bus-stand-2/

 
								 
															 
								 
								 
															 
															 
				

