പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങൾ മോഷണം നടത്തി വന്നിരുന്ന സംഘത്തെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
വർക്കല പുത്തൻചന്ത ചരുവിള വീട്ടിൽ സുരേഷ്(58) , വെട്ടൂർ ചിനക്കര വീട്ടിൽ അൻസിൽ (18),കല്ലമ്പലം തോട്ടയ്ക്കാട് അമീൻ വില്ലയിൽ അബ്ദുൽ ഗഫൂർ (52)എന്നിവർ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ അടങ്ങിയ സംഘമാണ് പോലീസിന്റെ പിടിയിലായത്.
വർക്കല റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്ക് മോഷണം പോയതിനെ തുടർന്ന് ലഭിച്ച പരാതിയിന്മേൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് സംഘത്തെ പിടികൂടിയത്. നിലവിൽ മൂന്ന് കേസുകളാണ് സമാന രീതിയിൽ വർക്കല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുകയും തുച്ഛമായ പണം നൽകിക്കൊണ്ട് ഈ വാഹനങ്ങൾ വാങ്ങി പൊളിച്ചു വിൽക്കുകയും ചെയ്തു വരുന്ന സംഘമാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് . അന്വേഷണത്തിൽ സ്റ്റേഷൻ പരിധിയിലെ മറ്റ് രണ്ട് ബൈക്കുകൾ കൂടി പൊളിച്ചു വിറ്റതായി പ്രധാനപ്രതിയായ സുരേഷ് മൊഴി നൽകിയിട്ടുണ്ട്. അബ്ദുൽ ഗഫൂർ ആണ് പൊളിച്ച ബൈക്കിന്റെ പാർട്സുകൾ വാങ്ങിയത്. ഇത്തരത്തിൽ വാഹനങ്ങൾ മോഷണം നടത്തി പൊളിച്ചു മറ്റ് സംസ്ഥാനങ്ങളിലേക്ക് വിൽപ്പന നടത്തുന്ന സംഘങ്ങളെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .പോലീസ് റെയിൽവേ സ്റ്റേഷനിൽ നിന്നും കാണാതായ വാഹനത്തിന്റെ പാർട്സ്‌കൾ പ്രതികളിൽ നിന്ന് കണ്ടെടുത്തുട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന പണം കൊണ്ട് കുട്ടികളെ വഴിവിട്ട ജീവിത രീതിയിലേക്ക് മാറ്റിയെടുക്കുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. ഇതുപോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത് . ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ചുള്ള അന്വേഷണം മറ്റ് സ്ഥലങ്ങളിൽ കൂടി വ്യാപിപ്പിച്ചു കർശനമായ നിയമനടപടികൾ കൈക്കൊള്ളുന്നതിന് ആവശ്യമായ നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്. ഇങ്ങനെയുള്ള പ്രവർത്തികളെ പ്രോത്സാഹിപ്പിക്കുകയും , മോഷണവാഹനങ്ങളുടെ പാർട്സ്‌കൾ വാങ്ങുന്ന ആക്രി വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ഉള്ളവയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കുട്ടികളെ ബോധവത്കരണ ക്ലാസ്സുകൾ നൽകി ഉത്തമ പൗരന്മാർ ആക്കി മാറ്റുന്നതിനുള്ള നടപടികളും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും.
ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശിൽപ ഐപിഎസിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിൽ വർക്കല എസ്എച്ച്ഒ സനോജ്.എസ്, സബ്ബ് ഇൻസ്പെക്ടർമാരായ രാഹുൽ പി. ആർ, മനോജ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, ഷാനവാസ്, ഫ്രാങ്ക്‌ളിൻ, എസ്. സി. പി. ഒമാരായ ഷിജു, ഷൈജു സിപിഒ മാരായ ഷജീർ, പ്രശാന്ത് കുമാരൻ , ശ്രീജിത്ത്, എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്