വേറിട്ട സംരംഭങ്ങളുമായി മുന്നേറ്റത്തിന്റെ പുതുവഴി കാട്ടുകയാണ് മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍. ‘പുഴയൊഴുകും മാണിക്കല്‍’ എന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായി 42 ഹരിത സേനാംഗങ്ങളാണ് പുതിയ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. സ്വന്തമായി സോപ്പ് നിര്‍മ്മിച്ച് പഞ്ചായത്ത് നിവാസികള്‍ക്ക് നല്‍കുകയാണിവര്‍. രാസവസ്തുക്കള്‍ ചേര്‍ക്കാതെ നിര്‍മ്മിക്കുന്ന സോപ്പുകള്‍, സോപ്പ് പൊടികള്‍, ക്ലീനിംഗ് ലായനികള്‍, ലോഷനുകള്‍ എന്നിവ പൂര്‍ണ്ണമായും ‘പ്ലാസ്റ്റിക് ഫ്രീ’ ആയി നല്‍കിയാണ് ഇവര്‍ വ്യത്യസ്തരാകുന്നത്. പുതുതായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ല എന്നുമാത്രമല്ല ആവശ്യാര്‍ഥം പ്ലാസ്റ്റിക് പുനരുപയോഗിക്കുന്നു എന്നതും ഇവരുടെ പ്രത്യേകതയാണ്. മാണിക്കല്‍ പഞ്ചായത്തിലെ ‘തമ്പുരാന്‍-തമ്പുരാട്ടി’പ്പാറയുടെ ചരിത്രം ഓര്‍മ്മിപ്പിച്ച് ‘തമ്പുരാട്ടി’ എന്നാണ് സോപ്പിന് പേര് നല്‍കിയിരിക്കുന്നത്.
വൈകാതെ അച്ചാറുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റും തുടങ്ങും. വിവിധ തരം അച്ചാറുകള്‍ പ്ലാസ്റ്റിക്കില്‍ പൊതിയാതെ ലഭ്യമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. പഴയ പഞ്ചായത്ത് ഓഫീസില്‍ നിന്ന് ഇവരുടെ ഉത്പന്നങ്ങള്‍ വാങ്ങാം. ഹരിതസേനാംഗങ്ങള്‍ വീടുകളില്‍ നേരിട്ട് എത്തിക്കുകയും ചെയ്യും. ഇതുകൂടാതെ വസ്ത്രങ്ങള്‍ക്കും എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണത്തിനുമുള്ള യൂണിറ്റുകള്‍ ഇവരുടെ പദ്ധതിയിലുണ്ട്. ഈ സംരംഭങ്ങളിലൂടെ സ്ത്രീകള്‍ക്ക് മികച്ച തൊഴില്‍ സാധ്യതയും വരുമാനവും ഉറപ്പാക്കുകയാണ് പ്രസിഡന്റ് കുതിരകുളം ജയന്‍ നേതൃത്വം നല്‍കുന്ന പഞ്ചായത്ത് അധികൃതര്‍.