ചിറയിൻകീഴ്: ബസ്സിൽ വെച്ച് നഷ്ടമായ സ്വർണമാല ഉടമയ്ക്ക് നൽകി ബസ് ജീവനക്കാരുടെ മാതൃക. പെരുങ്കുഴി – കുളത്തുപ്പുഴ റൂട്ടിൽ ഓടുന്ന കെ എം എസ് ബസ്സിലാണ് യുവതിയുടെ സ്വർണമാല നഷ്ടപ്പെട്ടത്. പെരുങ്കുഴിയിൽ നിന്നും ബസ്സിൽ കയറിയ സ്വാതി തെങ്ങുംവിളയിൽ ഇറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് ചിറയിൻകീഴ് പോലീസിനെയും ബസ് ജീവനക്കാരെയും വിവരം അറിയിച്ചു. അപ്പോഴേക്കും ബസ്സ് നിലമേൽ കഴിഞ്ഞിരുന്നു. ബസ് ഡ്രൈവർ അൽത്താഫും കണ്ടക്ടർ ബൈജുവും ബസ്സിൽ പരിശോധന നടത്തിയപ്പോൾ സീറ്റിന്റെ സൈഡിൽ നിന്നും മാല കിട്ടി. തുടർന്ന് ജീവനക്കാർ ചിറയിൻകീഴ് സ്റ്റേഷനിലെത്തി എസ്ഐയുടെ സാന്നിധ്യത്തിൽ മാല ഉടമയെ ഏൽപിച്ചു.