ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ മേനംകുളത്ത് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്പോർട്സ് ഹബ്ബ് സ്‌ഥാപിക്കുന്നതിനുള്ള പ്രോജക്ടിന് കിഫ്ബി അംഗീകാരം നൽകി. ജീവി രാജ സെന്റർ ഓഫ് എക്സലൻസ് എന്ന പേരിലായിരിക്കും പുതിയ ഈ സ്പോർട്സ് ഹബ്ബ് അറിയപ്പെടുക.
കഠിനംകുളത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള 20 ഏക്കർ ഭൂമിയിൽ സ്‌ഥാപിക്കുന്ന ഈ പ്രോജക്ടിന് 56.19 കോടി രൂപ ചെലവ് കണക്കാക്കുന്നു. ആധുനിക സംവിധാനങ്ങളോടുകൂടിയുള്ള ഇൻഡോർ സ്റ്റേഡിയം, രണ്ട് ഫുട്ബോൾ കോർട്ടുകൾ, ഹോക്കി ടർഫ്, സ്വിമ്മിംഗ് പൂൾ, എട്ട് വരികളുള്ള സിന്തറ്റിക്ക് ട്രാക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സംവിധാനം, കായിക പരിശീലകർക്കുള്ള കോർട്ടേഴ്സുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുടങ്ങിയ സംവിധാനങ്ങളാണ് ഈ പ്രോജക്ടിൽ ഉൾപെടുത്തിയിട്ടുള്ളത്.