അരുവിക്കര : അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വിഴിഞ്ഞം ചൊവ്വര ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ചൊവ്വര, പുളിങ്കുടി, അയണികുറ്റിയിൽ വീട്ടിൽ കുഞ്ഞുമോനെ (36) ആണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം നാലരയോടെ സ്കൂൾ വിട്ട് വീട്ടിൽ വന്ന കുട്ടി സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് വരികെയായിരുന്ന കുട്ടിയെ കാച്ചാണി പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം വച്ച് പ്രതി ബലമായി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയത്. കുട്ടിയുടെ സമീപം ഓട്ടോറിക്ഷ നിർത്തിയ ഇയാൾ സൈഡ് ഇന്റിക്കേറ്റർ കത്തുന്നുണ്ടോയെന്ന് കുട്ടിയോടു ചോദിക്കുകയും കുട്ടി മറുപടി പറയുന്നതിനിടയിൽ ഇയാൾ ബലമായി ഓട്ടോയിൽ പിടിച്ച് കയറ്റി കൊണ്ടുപോകുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
അതെ സമയം കുട്ടി ബഹളം വെച്ചതിനെ തുടർന്ന് കുറച്ച് ദൂരം മുന്നോട്ടു പോയ ശേഷം വഴിയിൽ ഇറക്കിവിട്ട് ഇയാൾ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി സമീപത്തെ സി.സി.ടി.വി. പരിശോധിച്ചപ്പോൾ ഓട്ടോറിക്ഷയുടെ ദൃശ്യങ്ങൾ ലഭിക്കുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമോൻ അറസ്റ്റിലായത്.
ഇയാൾക്കെതിരെ 2015-ൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ടെന്ന് അരുവിക്കര പോലീസ് പറഞ്ഞു.
സി. ഐ. ഷിബുകുമാർ, എസ്. ഐ. മണികണ്ഠൻ നായർ, സീനിയർ സി.പി.ഒ.മാരായ രാംകുമാർ, ഷൈജു, സി. പി. ഒ. ഷംനാദ്, വനിതാ സി.പി.ഒ. ദീപ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.