അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ മൂന്നാം ക്ലാസുകാരൻ കാശിനാഥ് സമൂഹത്തിന് മാതൃകയാവുകയാണ്. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്ന അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ സമീപത്തെ പുരയിടം സ്കൂളിലേക്ക് വാങ്ങി ചേർക്കാൻ തീരുമാനിച്ച കാര്യം അറിഞ്ഞ കാശിനാഥ് താൻ അക്വേറിയം തയ്യാറാക്കാൻ കൂട്ടിവച്ചിരുന്ന നാണയത്തുട്ടുകൾ കുടുക്കപൊട്ടിച്ച് സ്കൂൾ ഹെഡ്മാസ്റ്റർക്ക് നൽകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൂടിയ യോഗത്തിൽ സ്കൂൾ അധികാരികൾ സഹായ അഭ്യർത്ഥന രക്ഷിതാക്കളുടെ മുന്നിൽ വയ്ക്കുകയായിരുന്നു. കെഎസ്ആർടിസി ജീവനക്കാരനായ സുധീർകുമാർ സാമ്പത്തിക ബുദ്ധിമുട്ട് മകനോട് പറഞ്ഞെങ്കിലും ഇങ്ങനെ ഒരാശയം കാശിനാഥ് മുന്നോട്ട് വയ്ക്കുകയായിരുന്നു. അറുന്നൂറ്റി പത്ത് രൂപയാണ് കുടുക്കയിൽ ഉണ്ടായിരുന്നത്. തുകയുടെ വലിപ്പമല്ല ചെറുപ്രായത്തിൽ തന്നെ കാശിനാഥ് കാണിച്ച മനസ്സിന്റെ വലിപ്പം മറ്റു മുതിർന്നവർക്ക് പോലും മാതൃകയാണെന്ന് സൂചിപ്പിച്ചു കൊണ്ട് ഹെഡ്മാസ്റ്റർ ജി.എൽ. നിമി അവനെ അഭിനന്ദിച്ചു. കോരാണി കോണത്തു വീട്ടിൽ സുധീർ കുമാർ – അനു ദമ്പതികളുടെ മകനാണ് ഈ എട്ടുവയസ്സുകാരൻ. നാലു വയസ്സുകാരൻ കൃഷ്ണദേവ് യുകെജി വിദ്യാർഥിയാണ്.