ആറ്റിങ്ങൽ : ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലംമുക്ക് ഭാഗത്ത് നിന്നും കാറിൽ കടത്തികൊണ്ടുവന്ന എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇളമ്പ അനുശ്രീ നിവാസിൽ അക്ഷയ് മോഹൻ (23) ആണ് പിടിയിലായത്. പ്രതി കാറിൽ കടത്തിക്കൊണ്ട് വന്ന 2.233ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തിയിരുന്നതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. അവനവഞ്ചേരി ഭാഗത്ത് യുവാക്കളും വിദ്യാർത്ഥികളും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ സർക്കിൾ ഓഫിസിലെ കൺട്രോൾ റൂം ടീമും എക്സൈസ് ഷാഡോ ടീമും ചേർന്നു അവനവഞ്ചേരിയിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതി പ്രദേശത്ത് സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നതായും പ്രതി അത് ഉപയോഗിക്കുന്നതായും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ചു ശക്തമായ പരിശോധനകൾ തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബു ബി എലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രിവൻഷൻ ഓഫീസമാരായ അനിൽകുമാർ,അശോക് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ, സുരേഷ് ബാബു, ആരോമൽ രാജ്,അക്ഷയ് സുരേഷ്,രതീഷ് മോഹൻ വിപിൻ സിവിൽ എക്സൈസ് ഓഫീസറായ മഞ്ജു വർഗീസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.