മാണിക്കൽ : വാമനപുരം എക്സൈസ് റെയ്ഞ്ച് ഓഫീസിന്റേയും മാണിക്കൽ ലഹരി വിമുക്ത കൂട്ടായ്മയുടേയും പിരപ്പൻകോട് ഫിറ്റ് ഹാക്കേഴ്സ് സ്പോർട്ട്സ് ഹബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. മനുഷ്യ സമൂഹത്തിനാകമാനം ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് എന്ന മാരകവിപത്തിനെതിരെ ബോധവൽക്കരിക്കുന്നതിനും കായികവിനോദങ്ങളിലുള്ള താൽപര്യം വർദ്ധിപ്പിച്ച് യുവതലമുറയെ ലഹരിവസ്തുക്കളിൽ നിന്നും അകറ്റി നിർത്തുന്നതിനുമുള്ള ശ്രമം എന്ന നിലയ്ക്കാണ് പരിപാടി സംഘടിപ്പിച്ചത്. പിരപ്പൻകോട് ഫിറ്റ് ഹാക്കേഴ്സ് സ്പോർട്ട്സ് ഹബിൽ വച്ചു നടന്ന പ്രസ്തുത പരിപാടി വാമനപുരം എം. എൽ. എ അഡ്വ.ഡി.കെ.മുരളി ഉദ്ഘാടനം ചെയ്തു. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ലേഖാ കുമാരി, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ സുരേഷ് കുമാർ , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സഹീറത്ത് ബീവി, വാർഡ് അംഗങ്ങളായ കോലിയക്കോട് മഹീന്ദ്രൻ , കെ അനി, പൊതുപ്രവർത്തകൻ അഡ്വ. ആർ. അനിൽ, കുടുംബശ്രീ ചെയർപേഴ്സൺ അനില, പ്രിവന്റീവ് ഓഫീസർ മനു കെ.എൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പി ഡി പ്രസാദ് സ്വാഗതവും എസ് ബിനു കൃതജ്ഞതയും അർപ്പിച്ചു. സമൂഹത്തിന്റെ വിവിധതുറകളിൽ നിന്നായി ഇരുനൂറോളം പേർ പങ്കെടുത്തു.